തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായതോടെ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ വില കുത്തനെ കൂടി. പല അവശ്യ വസ്‌തുക്കളും മെഡിക്കൽ ഷോപ്പുകളിൽ കിട്ടാനില്ലാത്ത് സ്ഥിതിയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞത് എന്നാണ് വിശദീകരണം.
Also Read:ലോക്ക്‌ഡൗണിനോട് സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ആരോഗ്യ മന്ത്രി
കൊവിഡ് രോഗികൾക്കും ക്വാറന്‍റീനിൽ കഴിയുന്നവർക്കും ഉപകാരപ്രദമായ പൾസ് ഓക്‌സി മീറ്ററിന്‍റെയും ദൗര്‍ലഭ്യമുണ്ട്. രക്തത്തിലെ ഓക്സിജന്‍റെ അളവ്, ഹൃദയമിടിപ്പ് എന്നിവ മനസ്സിലാക്കാനാണ് പൾസ് ഓക്‌സി മീറ്റർ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മരുന്ന് കടകളിലും ഇത് ലഭ്യമല്ല. അവശേഷിക്കുന്ന സ്റ്റോക്കുകൾക്ക് വലിയ വിലയാണ് പലരും ഈടാക്കുന്നതെന്നും പരാതിയുണ്ട് . നേരത്തെ 800-900 രൂപയ്‌ക്ക് ലഭിച്ചിരുന്ന ഓക്‌സിമീറ്ററിന് ഇപ്പോൾ 2000നും 4000നും ഇടയ്‌ക്കാണ് വില.
ഓക്‌സി മീറ്ററുകളുടെ ഉപയോഗം
വിരലിൽ ഘടിപ്പിച്ച് ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് കണ്ടുപിടിക്കുന്ന ഉപകരണമാണിത്. ശരീരത്തിലെ സാച്ചുറേഷൻ ഓക്‌സിജൻ നിലയാണ് ക്ലിപ്പ് ആകൃതിയിലുള്ള ഈ ഉപകരണത്തിൽ അളക്കുന്നത്. ഓക്‌സിജൻ സാച്ചുറേഷന്‍റെ അളവ് 95 നും 100 നും ഇടയിലാണ് സാധാരണ ഉണ്ടാകുക. 95ന് താഴെ ആണെങ്കിൽ ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് കുറവാണെന്നാണ് അർഥം. ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്കും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുന്ന രോഗികൾക്കും ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് സ്വയം പരിശോധിക്കാം എന്നതാണ് ഈ ഉപകരണത്തിന്‍റെ മേന്മ. അതുകൊണ്ടാണ് ആവശ്യക്കാർ ഏറുന്നത്.
Also Read: സമ്പൂർണ ലോക്ക് ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍
മാസ്‌കുകൾക്കും ക്ഷാമം
കൊവിഡിനെ ചെറുക്കാൻ രണ്ട് മാസ്‌ക് വേണമെന്ന നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്‌കിനും ആവശ്യക്കാരേറുകയാണ്. മൂന്ന് മാസത്തേക്കുള്ള മാസ്‌ക് ആണ് പല സ്ഥലങ്ങളിലും സ്റ്റോക്ക് ചെയ്‌തിരുന്നത്. എന്നാൽ ആവശ്യം കൂടിയതോടെ സ്റ്റോക്ക് തീരുന്ന സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്. നേരത്തെ 3 മുതൽ 5 രൂപയ്‌ക്ക് ലഭിച്ചുകൊണ്ടിരുന്ന സർജിക്കൽ മാസ്‌കുകൾ എട്ട് രൂപ മുതൽ 10 രൂപയ്ക്ക് വരെയാണ് പലയിടത്തും വിൽക്കുന്നത്. 30-45 രൂപയുണ്ടായിരുന്ന എൻ 95 മാസ്‌കുകൾക്ക് ഇപ്പോൾ 50-100 രൂപയാണ് വില. ഇൻഫ്രാറെഡ് തെർമോമീറ്ററിനും വില വർധിച്ചു. 750നും 1500 നും ഇടയിൽ വിലയുണ്ടായിരുന്ന ഇതിന് 2000നും 3000നും ഇടയ്‌ക്കാണ് ഇപ്പോള്‍ വില.