തിരുവനന്തപുരം: പിഎസ്‌സി ഇപ്പോള്‍ നടത്തുന്ന പ്രാഥമിക പരീക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഉമ്മൻചാണ്ടി. പരീക്ഷയെഴുതാനുള്ള കൺഫർമേഷനും പ്രാഥമിക പരീക്ഷയും ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്‌ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തു നൽകിയത്.
191 തസ്‌തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയിൽ ആദ്യത്തേത് ശനിയാഴ്‌ച നടന്നു. ഫെബ്രുവരി 25, മാർച്ച് 6, 13 എന്നീ തീയതികളിലാണ് അടുത്ത പരീക്ഷകൾ. ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്‌തികകളിൽ നിയമനത്തിനായി പ്രാഥമിക സ്ക്രീനിങ് പരീക്ഷയിൽ വിജയിച്ചവർക്ക് മാത്രമേ തുടർന്ന് അതത് തസ്‌തികകളിൽ പരീക്ഷയെഴുതാൻ കഴിയുകയുള്ളൂ. അടുത്ത പ്രാഥമിക പരീക്ഷ മൂന്നു മുതൽ അഞ്ചു വർഷം വരെ വൈകാൻ ഇടയുള്ളതിനാൽ അത്രയുംകാലം ഇവർക്ക് മറ്റൊരു പരീക്ഷയിൽ പങ്കെടുക്കാൻ ആവില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.