തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നും ശക്തമായ പ്രതിഷേധമുയര്‍ത്തി. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇരിപ്പിടത്തിലെത്തുന്നത് തടഞ്ഞ് ബിജെപി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയുടെ വക്കോളമെത്തി. എല്‍ഡിഎഫ് വനിത കൗണ്‍സിലര്‍മാരുടെയും വനിതാ പോലീസിന്‍റെയും സംരക്ഷണത്തില്‍ ഏറെ പണിപ്പെട്ട് മേയറെ ഇരിപ്പിടത്തിലെത്തിച്ചെങ്കിലും മേയറുടെ മുഖം ബിജെപിക്കാര്‍ ബാനര്‍ ഉപയോഗിച്ച് മറച്ചു.
ഏറെ നേരം ഡയസില്‍ കിടന്ന് പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുത്തന്‍പള്ളി സലീം പ്രമേയം അവതരിപ്പിച്ചു. ഇത് കൗണ്‍സില്‍ അംഗീകരിച്ചതോടെ ഒമ്പത് ബിജെപി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തു. സസ്‌പെന്‍ഷന് പിന്നാലെ ഹാജര്‍ ബുക്ക് തട്ടിയെടുത്ത് ഹാജര്‍ രേഖപ്പെടുത്താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ നടത്തിയ ശ്രമം കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
തങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തിയതായി ബിജെപി അവകാശപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ ഭരണപക്ഷം ഹാജര്‍ ബുക്ക് തട്ടിയെടുത്ത ബിജെപി അംഗം അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്‌തു. ബഹളത്തെ തുടര്‍ന്ന് അജണ്ട ചര്‍ച്ചയില്ലാതെ പാസാക്കി കൗണ്‍സില്‍ പിരിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം നിരന്തരം തടസം സൃഷ്‌ടിക്കുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നതെങ്കിലും അരമണിക്കൂര്‍ മുന്‍പ് കൗണ്‍സില്‍ ഹാളില്‍ കടന്ന ബിജെപി- യുഡിഎഫ് അംഗങ്ങള്‍ മേയറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രതിഷേധമാരംഭിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് സഹായത്തോടെ ഭരണപക്ഷം മേയറെ സീറ്റിലെത്തിച്ചത്. ഇതിനിടെയാണ് ബഹളമുണ്ടാക്കിയ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം അപ്രതീക്ഷിതമായി ഭരണപക്ഷം മുന്നോട്ടുവച്ചത്.
സസ്‌പെന്‍ഡ് ചെയ്‌ത വിവരം മേയര്‍ കൗണ്‍സിലിനെ അറിയിച്ചതോടെ ബഹളം വര്‍ധിച്ചു. ഇതിനിടെയാണ് അജണ്ട പൂര്‍ത്തിയാക്കി കൗണ്‍സില്‍ പെട്ടെന്ന് പിരിഞ്ഞത്. ബഹളത്തിനിടെ സിപിഎം കക്ഷി നേതാവ് വനിത കൗണ്‍സിലര്‍മാരെ അധിക്ഷേപിച്ചെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഇത് ഭരണപക്ഷം നിഷേധിച്ചു. കൗണ്‍സില്‍ ഹാളില്‍ ഇന്ന് ബിജെപി 24 മണിക്കൂര്‍ സമരം നടത്തും. സമരം തുടരുമെന്ന് യുഡിഎഫും അറിയിച്ചു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുമെന്ന് ഭരണകക്ഷി അറിയിച്ചു.