തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പിൻവലിക്കില്ലെന്ന സർക്കാർ നിലപാട് സ്വകാര്യ ബസ് ഉടമകൾ അംഗീകരിച്ചു. സമരം പിൻവലിച്ചതോടെ അന്തർസംസ്ഥാന സ്വകാര്യബസുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്‍റെ പേരിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അന്തർസംസ്ഥാന സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ സമരം തുടർന്നിട്ടും സർക്കാർ നിലപാടിൽ മാറ്റം ഉണ്ടായില്ല. സമരത്തെ നേരിടാൻ കെഎസ്ആർടിസി വാരാന്ത്യ, അധിക സർവീസുകൾ കൂടി ആരംഭിച്ചതോടെ ബസുടമകൾക്ക് സമരം അവസാനിപ്പിക്കാതെ മറ്റു മാർഗമില്ലാതെയായി. ഇതിനിടെ ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറി സർവീസ് ആരംഭിക്കുകയും ചെയ്തു. മന്ത്രി അവധിയിൽ ആയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് സർക്കാർ തുടരും. വഴിയിൽ നിർത്തി ആളെ കയറ്റിയാൽ പിഴയീടാക്കും. വാഹനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരുടെ പട്ടിക മോട്ടോർ വാഹന വകുപ്പിന് കൈമാറും തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങളെല്ലാം അന്തർസംസ്ഥാന ബസ് ഉടമകൾ അംഗീകരിച്ചു. ഏകീകൃത ടിക്കറ്റ് നിരക്ക് ഈടാക്കും. സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം റിപ്പോർട്ട് അനുസരിച്ച് ടിക്കറ്റ് നിരക്ക് പുനർനിശ്ചയിക്കും. പരാതി പരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കും. പരാതികൾ അറിയിക്കാനുള്ള വാട്സ്ആപ്പ് നമ്പറും മെയിൽ അഡ്രസും ബസുകളിൽ പ്രദർശിപ്പിക്കുമെന്നും ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ബസ് ഉടമകൾ അറിയിച്ചു. സമരം അവസാനിച്ച സാഹചര്യത്തിൽ അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഓൺലൈൻ ബുക്കിങ്ങും സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്.