തിരുവനന്തപുരം: രാഷ്ട്രീയവും വികസനവും പറയാനില്ലാത്തതിനാലാണ് കോണ്‍ഗ്രസ് തൃക്കാക്കരയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള സൗഭാഗ്യം തൃക്കാക്കരയ്‌ക്ക് വരുന്നുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണ വേദിയില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് പി.ടി തോമിസിനെതിരെ പറഞ്ഞുവെന്നാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഇടതുസ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയുണ്ടെന്നും ഈ പ്രതിസന്ധി മറികടക്കാനാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ഇത്തരം പ്രകടനങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും. നാല് വര്‍ഷം പാഴാക്കരുതെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കെ.വി തോമസിനെ പുറത്താക്കിയത് കോണ്‍ഗ്രസിന്‍റെ തീരുമാനമാണ്. അവരുടെ പാർട്ടിയിൽ നിന്നും ആരോക്കെ പുറത്താകണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥി തന്നെയാണ്, നിയമസഭയുടെ’: തൃക്കാക്കരയില്‍ മുഖ്യമന്ത്രിയുടെ മറുപടി
കെ.വി തോമസ് വികസനത്തെ പിന്തുണയ്‌ക്കുന്നത് കൊണ്ടാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത്. വര്‍ഷങ്ങളോളം എറണാകുളത്ത് പ്രവര്‍ത്തിച്ചയാളാണ് കെ.വി തോമസ്. അതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ നേതാക്കളും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്‌തു പ്രവര്‍ത്തിക്കുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.