തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് സംവിധാനം നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയാറാക്കി ഒരാഴ്ചയ്‌ക്കകം സമർപ്പിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ കേന്ദ്രസംഘം 21ന് സംസ്ഥാനത്തെത്തും.
കൂടുതൽ പരാതികൾ ഉയർന്ന പ്രശ്നബാധിത ജില്ല എന്ന നിലയിൽ കണ്ണൂരിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇടത് തീവ്ര സംഘടനകളുടെ ഭീഷണിയുള്ളതായി കണ്ടെത്തിയ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. 80 വയസ്സ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് സ്വീകരിച്ചവരെ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവദിക്കുകയുമില്ല. പോസ്റ്റൽ വോട്ട് താല്പര്യമുള്ളവർ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം വരണാധികാരിയെ അറിയിക്കണം. ബിഎൽഒമാർ ബാലറ്റ് വീട്ടിൽ എത്തിച്ചു നൽകുകയും ശേഖരിക്കുകയും ചെയ്യും. വോട്ടെടുപ്പിന് തലേദിവസം വരെ പൂരിപ്പിച്ച ബാലറ്റ് വരണാധികാരിക്ക് എത്തിച്ചു നൽകാം.
80 വയസ്സ് കഴിഞ്ഞ 6,65,000 വോട്ടർമാരാണുള്ളത്. ഇവരിൽ താത്പര്യമുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സംവിധാനം ഉടൻ തയ്യാറാക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെയാണ് വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം. 21ന് എത്തുന്ന കേന്ദ്രസംഘം രാഷ്ട്രീയ പാർട്ടികളുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും വിവിധ സേനാവിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് ടിക്കാറാം മീണ പറഞ്ഞു.