തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്നും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയിലാണ് കോടതി നടപടി. 2015ൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും പദ്ധതി തടസപ്പെടുത്തുന്നത് പൊതു താത്‌പര്യത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
സമരം മൂലം ഏഴ് ദിവസമായി തുറമുഖ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സുരക്ഷയ്‌ക്ക് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടക്കുന്നതായും സംസ്ഥാന സർക്കാരും വ്യക്തമാക്കി. എന്നാൽ ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ സേനയെ ആവശ്യപ്പെടണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടിസ് അയയ്‌ക്കാൻ നിർദേശിച്ച ഹൈക്കോടതി കേസ് തിങ്കളാഴ്‌ച(29.08.2022) വീണ്ടും പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളികളുടെ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹർജി നൽകിയത്. സമരക്കാർ അതീവ സുരക്ഷ മേഖലയിലേക്ക് കടന്നു കയറി ഭീഷണി ഉണ്ടാക്കുന്നുവെന്നും നിർമാണം തടസപ്പെടുത്തുന്നുവെന്നും സംരക്ഷണം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു.