തിരുവനന്തപുരം : കിട്ടിയോ എന്ന ചോദ്യം നവ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആവുകയാണ്. എ.കെ.ജി സെന്‍ററിലേക്ക് അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞ് 10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ(പ്രതികളെ) കുറിച്ച് പൊലീസിന് ഒരു തുമ്പുപോലുമില്ല. സംഭവം ഉണ്ടായി ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതോടെയാണ് രാഷ്ട്രീയ എതിരാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കിട്ടിയോ എന്ന് പോസ്റ്റ് ചെയ്യാനാരംഭിച്ചത്.
പ്രതികള്‍ കാണാമറയത്ത് : ഇന്നിപ്പോള്‍ 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു വിവരവുമില്ല. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് സംഭവം നടന്ന ദിവസം തന്നെ ആരോപണം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടാട്ടമില്ല. സ്‌ഫോടക വസ്തു ഏറിനുപിന്നാലെ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.
സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് തെളിയിക്കുന്നതൊന്നും ഇതുവരെ കണ്ടെത്താനാകാത്തത് സി.പി.എമ്മിനും തിരിച്ചടിയായി. രാത്രി നടന്ന സംഭവമായതിനാല്‍ പ്രതികളെ കണ്ടെത്തുന്നതിന് സമയമെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തിനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ പരിഹാസ പ്രവാഹമാണ്.
ഇരുട്ടില്‍ തപ്പി പൊലീസ് : രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സംവിധാനവും അന്വേഷണത്തിനായി നിയോഗിച്ചിരിക്കുകയാണെന്നാണ് പൊലീസിന്‍റെ ഔദ്യോഗിക ഭാഷ്യം. പക്ഷേ ഉത്തരവാദികള്‍ ഇപ്പോഴും കാണാമറയത്തുതന്നെ.
100 ലേറെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. പക്ഷേ സ്‌കൂട്ടറില്‍ അക്രമി രക്ഷപ്പെടുന്ന ചിത്രം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂട്ടറിന്‍റെ നമ്പരും വ്യക്തമല്ല. സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.
ഇത് ജയരാജന്‍റെ ചെറിയ തമാശയാണെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പരിഹസിക്കുന്നതില്‍ നിന്നുതന്നെ സംഭവത്തിനുപിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്. സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം ആസൂത്രണം ചെയ്തതാണ് സ്‌ഫോടക വസ്തു ഏറെന്നാണ് കോണ്‍ഗ്രസ് ആരോപണം.
സന്ദീപാനന്ദ ഗിരിയുടെ വാഹനം കത്തിച്ച കേസും ചര്‍ച്ച : 2018 ഒക്ടോബര്‍ 27ന് തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച് വാഹനങ്ങള്‍ തീവച്ചുനശിപ്പിച്ച സംഭവവും ഇതോടൊപ്പം ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംഭവം പുറത്തുവന്ന ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും പ്രതികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശബരിമല സ്ത്രീപ്രവേശത്തെ സന്ദീപാനന്ദഗിരി അനുകൂലിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നും അന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് ഏകദേശം മൂന്നര വര്‍ഷം പിന്നിട്ടെങ്കിലും ഒരാളെ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിനുപിന്നില്‍ സന്ദീപാനന്ദ ഗിരിതന്നെയെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.