തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ 16കാരിയെ കടന്ന് പിടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി ഉള്ളൂർ സ്വദേശി ആരോൺ ലാൽ വിൻസൻ്റിന്(32) ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്‌ജി ആർ.ജയകൃഷ്‌ണന്‍റെ വിധിയിൽ പറയുന്നു. 2017 ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടപ്പഴിഞ്ഞിയിൽ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.
പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്ന് വരികയായിരുന്നു. ഈ സമയം പ്രതി പിന്നിൽ നിന്ന് കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിച്ചു. കുട്ടി തൻ്റെ പക്കൽ ഉണ്ടായിരുന്ന കുട വെച്ച് അടിച്ചപ്പോൾ പ്രതി തൻ്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. സംഭവ സമയം പ്രതി ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും മുഖത്തെ കണ്ണാടി മൂടിയിരുന്നില്ല.
ഈ പ്രദേശത്ത് റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതി തെളിവായി സ്വീകരിച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. നഷ്‌ടപരിഹാര തുക ഇരയായ കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്‌ട പരിഹാരം നൽകണമെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. മ്യൂസിയം സിഐ കെ.എസ് പ്രശാന്ത്, എസ് ഐ ജി.സുനിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്‌തരിച്ചു. 15 രേഖകളും ഹാജരാക്കി.
Also Read:ഇടിത്തീയായി ഇന്ധന വില; സംസ്ഥാനത്ത് ഡീസൽ വില 100 കടന്നു