തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകുറ്റവാളിക്ക് ഇരട്ടജീവപര്യന്തവും വിവിധ വകുപ്പുകളിലായി 62 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലെ ചുരുട്ട എന്ന അപരനാമമുള്ള കൊടുംകുറ്റവാളിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി എം.ബി ഷിബുവിന്‍റേതാണ് ഉത്തരവ്.
ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ചുരുട്ട എന്നറിയപ്പെടുന്ന രണ്ടാനച്ഛന് രണ്ടുവട്ടം മരണം വരെ കഠിന തടവിനുമാണ് ശിക്ഷ. 2021 ലാണ് സംഭവം. പെൺകുട്ടിയെ പ്രതി കടത്തികൊണ്ടുവന്ന് കൂടെ താമസിപ്പിക്കുകയാണുണ്ടായത്. കഴക്കൂട്ടം പൊലീസ് പ്രതിയെ അന്വേഷിച്ചു പോകവേ പ്രതി പെൺകുട്ടിയുമായി തുമ്പ പൊലീസ് സ്‌റ്റേഷന്‍ അതിർത്തിയിലേക്ക് ഒളിവിൽ പോവുകയായിരുന്നു.
തുമ്പ പൊലീസ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തി അറസ്‌റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി പൊലീസിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കഴക്കൂട്ടം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 32 സാക്ഷികൾ, 42 രേഖകൾ തെളിവായി രേഖപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് ഹാജരായി.