തിരുവനന്തപുരം : കായംകുളം എംഎസ്എം കോളജില്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശം നേടിയെന്നാരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് ക്ലീന്‍ ചിറ്റുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇക്കാര്യം എസ്എഫ്ഐ വിശദമായി പരിശോധിച്ചുവെന്നും നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തീസ്‌ഗഡിലെ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള നിഖില്‍ തോമസിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിഖില്‍ തോമസിന്‍റെ വിഷയം പരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലായിരുന്നു സർട്ടിഫിക്കറ്റ് പരിശോധിച്ചത്. കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിഖിലിന് അറ്റന്‍റന്‍സ് ഉണ്ടായിരുന്നുവെന്നും ആർഷോ പറഞ്ഞു.
ക്ലാസ് അറ്റന്‍റ് ചെയ്യാതെ വിദ്യാര്‍ഥിക്ക് എങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകും. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയത് വ്യാജ വാര്‍ത്തയാണ്. ഈ സംഭവത്തിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ എസ്‌ഐഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി നടപടി സ്വീകരിച്ചു എന്നതും വ്യാജ മാധ്യമ വാര്‍ത്തയാണ്.
എസ്എഫ്ഐ ജില്ല കമ്മിറ്റിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സംഘടനയ്ക്കുള്ളില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. കൂടാതെ, വിഷയത്തിൽ സര്‍വകലാശാലയ്ക്ക് എന്തെങ്കിലും വീഴ്‌ചയുണ്ടോ എന്നു പരിശോധിക്കേണ്ടത് എസ്എഫ്‌ഐ അല്ലെന്നും ആർഷോ വ്യക്തമാക്കി.
ആരോപണം വന്ന വഴി : 2018ല്‍ അദ്ദേഹം കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നു. 2021ൽ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി നേടി. 2022ല്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായി. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാരോപിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണോ പറയുന്നതെന്നും ആർഷോ ചോദിച്ചു.
നിഖിലിന്‍റെ സംഭവത്തെ ക്രമക്കേട് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ അമീല്‍ റഷീദ് എന്ന എംഎസ്എഫ് വിദ്യാര്‍ഥി റഗുലര്‍ വിദ്യാര്‍ഥിി എന്ന നിലയില്‍ പ്രവേശനം നേടിയതിനെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്നും ആര്‍ഷോ ചോദ്യം ഉന്നയിച്ചു.
എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത്. ഇതേ സംഘടനയിലെ മറ്റൊരു അംഗമായിരുന്നു നിഖിലിനെതിരെ പരാതി ഉന്നയിച്ചത്. എംകോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നായിരുന്നു ആരോപണം.
കെ വിദ്യയുടെ വ്യാജരേഖ വിവാദത്തിന് പിന്നാലെയായിരുന്നു എസ്‌എഫ്‌ഐ ആലപ്പുഴ നേതൃത്വവും വിവാദപ്പട്ടികയിൽ ഇടംപിടിച്ചത്. എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല സമ്മേളനം നടക്കുന്നതിനിടെയാണ് വിവാദം ഉയർന്നത്. നിലവില്‍ കായംകുളം എംഎസ്‌എം കോളജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍ തോമസ്.
2018 - 2020 കാലഘട്ടത്തില്‍ നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചിരുന്ന നിഖിലിന് ഡിഗ്രി പാസാകാന്‍ കഴിഞ്ഞിരുന്നില്ല. 2019 ല്‍ കായംകുളം എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.
ഡിഗ്രി തോറ്റ നിഖില്‍ 2021ല്‍ കായംകുളം എംഎസ്എം കോളജില്‍ തന്നെ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി (2019 - 2021) കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇയാള്‍ കോളജിൽ ഹാജരാക്കി. മൂന്ന് മാസം മുന്‍പാണ് നിഖിലിനെതിരെ ആരോപണം ഉയര്‍ന്നത്.