തിരുവനന്തപുരം: അടുത്ത നാലുവർഷത്തേക്ക് തീവെട്ടിക്കൊള്ള നടത്താനാണ് ലോകായുക്ത സംബന്ധിച്ച് ഓഡിനൻസ് മന്ത്രിസഭായോഗത്തിൽ ഇറക്കിയതെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷണദാസ്. ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവും രാജി വയ്‌ക്കേണ്ട സാഹചര്യം വന്നേക്കും. അത് മുന്നിൽ കണ്ടാണ് ഇത്തരം ഒരു നീക്കത്തിന് സർക്കാർ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പും കണ്ണൂർ വി.സി നിയമനവുമാണ് കാരണം. അതേസമയം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ജലീൽ രാജിവെച്ചതിൻ്റെ അനുഭവസമ്പത്ത് സർക്കാരിനുണ്ട്. നിയമസഭ സമ്മേളനം നടക്കാനിരിക്കെയാണ് ഇത്തരമൊരു തീരുമാനം. കെ റെയിൽ ഒരു അതിവേഗ അഴിമതി പദ്ധതിയാണ്.
ALSO READ: വഴിവിട്ട ഇടപാടുകളിൽ സർക്കാരിന് ഭയം; ലോകായുക്തക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഉമ്മൻചാണ്ടി
കൊവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലോകായുക്തയിലൂടെ പുറത്ത് വരുമെന്നും അത് തടയാനാണ് ഇങ്ങനെയൊരു ഓർഡിനൻസെന്നും കൃഷ്‌ണദാസ് ആരോപിച്ചു. പിൻവാതിൽ നിയമനംപോലെ പിൻവാതിൽ വഴി നിയമനിർമാണം സർക്കാർ നടത്തുകയാണ്. ഗവർണർ ഈ ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുതെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.