തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മുക്തിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രതിപക്ഷ നേതാവ് ഒന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിദഗ്ദ്ധ സമിതിയുടെ നിർദേശപ്രകാരം പുതിയ ഡിസ്ചാർജ് പോളിസി കൊണ്ടുവന്ന കാര്യം താൻ വ്യക്തമാക്കിയതാണ്.
മറ്റ് സംസ്ഥാനങ്ങളിൽ അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിന് ശേഷം രോഗലക്ഷണം കുറഞ്ഞാൽ വീട്ടിലേക്ക് പറഞ്ഞു വിടുന്ന രീതിയാണ്. എന്നാൽ കേരളത്തിൻ പരിശോധന ഫലം നെഗറ്റീവ് ആകാതെ ഒരു രോഗിയേയും ഡിസ്ചാർജ് ചെയ്യുന്നില്ല. ഇത് പല തവണ താൻ വ്യക്തമാക്കിയതാണ്. ഇതൊന്നും പ്രതിപക്ഷ നേതാവ് കേൾക്കാത്ത മട്ടിൽ താൻ എന്തൊ നുണ പറഞ്ഞുവെന്ന് വരുത്തി തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലെ എന്നാണ് ചോദിക്കുന്നത്. ഇതൊക്കെ ആരാണ് അറിയേണ്ടതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധകളുടെ എണ്ണത്തിൽ ഇപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത്. വിദഗ്ദ്ധർ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ അദ്ദേഹത്തിന് വിശ്വാസമില്ലെങ്കിൽ തനിക്ക് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.