തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ നേട്ടങ്ങൾ തകർക്കാൻ ശ്രമിച്ചവർക്കും നുണകൾ പ്രചരിപ്പിച്ചവർക്കും നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണിത്. കേരളത്തിൻ്റേത് മതനിരപേക്ഷ മനസാണെന്ന് തെളിഞ്ഞു. എൽഡിഎഫിൻ്റ ജനകീയ അടിത്തറ വിപുലപ്പെട്ടു. യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമായെന്നും ബിജെപി ഉയർത്തിയ അവകാശവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തകർന്നടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ സമാനതകളില്ലാത്ത അപവാദ പ്രചാരണങ്ങളാണ് നടന്നത്. ചില മാധ്യമങ്ങളും എൽഡിഎഫിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി. എന്നാൽ ഇതിനൊന്നും ജനങ്ങൾ ചെവി കൊടുത്തില്ല. സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന നേട്ടങ്ങൾക്കും ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയം. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ചിലർ ഭാവനയിലൂടെ കഥകൾ മെനയുകയാണ്. തെറ്റായ പ്രചാരണം നടത്തിയ മാധ്യമങ്ങൾ ഇത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.