തിരുവനന്തപുരം : മുന്‍പ് കറുപ്പിനെയായിരുന്നു മുഖ്യമന്ത്രിക്ക് ഭയമെങ്കില്‍ ഇപ്പോള്‍ ഖദറിനെയാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ സംഘാടകനായ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാറിനെ ഖദര്‍ ധരിച്ചതിന്റെ പേരില്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
മന്ത്രി സ്ഥാനത്തിരുന്ന് മാധ്യമം ദിനപത്രത്തിനെതിരെ കത്തെഴുതിയെന്ന് കെ.ടി ജലീല്‍ സമ്മതിച്ചതോടെ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യത വര്‍ധിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് കത്തെഴുതിയതെങ്കില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. മന്ത്രി സ്ഥാനത്തിരുന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച ജലീലിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ തുടരന്വേഷണം നടത്തണം. അല്ലെങ്കില്‍ പ്രതിപക്ഷം നിയമ വഴികള്‍ തേടും. ഒരനുമതിയുമില്ലാതെയാണ് കെ-റെയിലില്‍ സര്‍ക്കാര്‍ നാടകങ്ങളൊക്കെ കാട്ടിക്കൂട്ടിയത്. ഇതിനായി സര്‍ക്കാര്‍ ചെലവിട്ടത് കോടികളാണ്. അനുമതിയില്ലാതെ കോടികള്‍ മുടക്കിയത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ചുപിടിക്കണം.
Also Read: സോണിയക്കെതിരായ ഇ.ഡി നീക്കം: കാസർകോട് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
കെ-റെയിലില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും നിലപാട് വ്യക്തമാക്കണം. വടകരയിലെ കസ്റ്റഡി മരണക്കേസില്‍ സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റിയതിലൂടെ പൊലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുന്നുവെന്ന് തെളിഞ്ഞതായും സതീശന്‍ പറഞ്ഞു. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഡി.സി.സി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍.