തിരുവനന്തപുരം : നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഭിന്നശേഷിക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം. പരിക്കേറ്റ അരുവിയോട് സ്വദേശി വർഗീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ എന്നയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
സെബാസ്റ്റ്യന്‍റെ വീടിനുമുന്നിൽ ശവപ്പെട്ടിക്കട നടത്തുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഭിന്നശേഷിക്കാരനായ വർഗീസ് നടത്തിവന്നിരുന്ന കടയ്ക്ക് എതിരെ നിരവധി തവണ സെബാസ്റ്റ്യൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയിൽ കഴമ്പില്ലാത്തതിനാല്‍ പഞ്ചായത്ത് നടപടികളെടുത്തില്ല. ഇതിൽ പ്രകോപിതനായാണ്, രാവിലെ വർഗീസ് കടയ്ക്കുള്ളിൽ ഇരിക്കുന്ന സമയത്ത് സെബാസ്റ്റ്യൻ വീടിനുമുകളിൽ നിന്ന് പെട്രോൾ ബോംബ് എറിഞ്ഞത്.
ഇരുകാലിനും ചലനശേഷിയില്ലാത്ത വർഗീസിന് ഈ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെബാസ്റ്റ്യനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. നിലവിൽ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലാണ് സെബാസ്റ്റ്യൻ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.