തിരുവനന്തപുരം : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പി.സി ജോർജ് ജയില്‍ മോചിതനായി. കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം നല്‍കിയതോടെയാണ് ഇന്ന് തന്നെ (27.05.22) ജയില്‍ മോചനത്തിന് സാഹചര്യമൊരുങ്ങിയത്. ഹൈക്കോടതി ഉത്തരവ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി.
ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 6.50നാണ് പി.സി ജോര്‍ജ് ജയില്‍ മോചിതനായത്. ജയിലിന്‍റെ പ്രധാന കവാടം കടന്ന് ജോര്‍ജ് പുറത്തിറങ്ങുമ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തിയിരുന്നു. ജില്ല പ്രസിഡന്‍റ് വി.വി രാജേഷിന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിനെ ഷോളണിയിച്ച് സ്വീകരിച്ചു.
മുഖ്യമന്ത്രിക്ക് മറുപടി മറ്റെന്നാള്‍ : തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കളിയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. തന്നെക്കുറിച്ച് പിണറായി വിജയന്‍ തൃക്കാക്കരയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. പിണറായിക്ക് മറുപടി ഞായറാഴ്‌ച (മെയ് 29) തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ ബിജെപി സ്ഥാനാർഥിക്കായി പ്രവര്‍ത്തിക്കും. ബിജെപിക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു. തന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുമായുള്ള അഡ്‌ജസ്റ്റുമെന്‍റാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിവരക്കേടിന് മറുപടിയില്ല.
നിയമത്തിന് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നിയമം നിമയത്തിന്‍റെ വഴിക്കുപോകട്ടെ. ഹൈക്കോടതി പറഞ്ഞ വ്യവസ്ഥയ്ക്കനുസരിച്ച് മുന്നോട്ടുപോകും. ദൈവത്തിനും തനിക്കായി പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബിജെപിയുമായി കൈകോര്‍ക്കും : ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പട്ട് ബിജെപിയുമായി സൗഹൃദത്തിലായ പി.സി.ജോർജ് 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പരസ്യമായി രംഗത്തുവന്നിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പാളയത്തിലെത്താന്‍ ജോര്‍ജ് ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ ശക്തമായ എതിര്‍പ്പുമൂലം പരാജയപ്പെട്ടു.
തുടര്‍ന്ന് ജനപക്ഷം സ്ഥാനാർഥിയായി പൂഞ്ഞാറില്‍ ജനവിധി തേടിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫിലും എല്‍ഡിഎഫിലും എത്താന്‍ വഴിയില്ലെന്ന് മനസിലാക്കിയ പി.സി ജോർജ് വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാനുള്ള കുറുക്കുവഴിയായാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതോടെ ബിജെപിയുമായുള്ള ചങ്ങാത്തത്തിന് അതിവേഗം വഴിതുറന്നുവെന്നാണ് വിലയിരുത്തല്‍.