തിരുവനന്തപുരം: 2005 ലെ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് പിന്തുണ നല്‍കിയ കെ. കരുണാകരനെ താന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച കരുണാകരന്‍ തനിക്ക് നല്‍കിയ പിന്തുണ വലുതായിരുന്നു (Pannyan Raveendran interview).
ഉപതെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാലക്കാട് നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ ആര്‍. ബാലകൃഷ്‌ണ പിള്ളയെ വിമര്‍ശിച്ച് താന്‍ നടത്തിയ പ്രസംഗം കെ. കരുണാകരനെതിരായിട്ടാണെന്ന് ചില പത്രക്കാര്‍ വാര്‍ത്തയെഴുതിയത് വലിയ വിവാദമായി. സത്യത്തില്‍ താന്‍ കരുണാകരനെ വിമര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല.
ഇക്കാര്യം കെ കരുണാകരനെ നേരിട്ടു കണ്ട് താന്‍ വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് പന്ന്യനെ നന്നായി അറിയാം, ഞാന്‍ ഇതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല എന്നായിരുന്നു. കെ. കരുണാകരന്‍റെ കൂടി പിന്തുണയില്‍ വിജയിച്ച ആളാണ് താന്‍ എന്ന ഉറച്ച ബോദ്ധ്യം എനിക്കുണ്ട്. രാഷ്ട്രീയമായി അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നന്ദിയില്ലായ്‌മ തന്‍റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ലോക്‌സഭാ അംഗമായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തു കൊണ്ട് പന്ന്യന്‍ ഇ ടിവി ഭാരതിനോടു പറഞ്ഞു.
ഒന്നാം യുപിഎയെ പിന്തുണയ്ക്കുന്ന ഇടതു ബ്ലോക്കില്‍ 10 എംപിമാരുള്ള സിപിഐയുടെ പ്രതിനിധി എന്ന നിലയില്‍ വലിയ പിന്തുണയാണ് ഭരണ പക്ഷത്തു നിന്നു കിട്ടിയത്. തിരുവനന്തപുരം എയര്‍ക്രാഫ്‌ട് മെയിന്‍റനന്‍സ് യൂണിറ്റ്, നേമം, കൊച്ചു വേളി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനുള്ള ഫണ്ട് എന്നിവ നേടിയെടുക്കാനായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മലയാളിയുമായിരുന്ന ടികെഎ നായരായിരുന്നു പ്രധാനമന്ത്രിയിലേക്കുള്ള പാലം.
അന്നത്തെ ഭരണ മുന്നണിയായ യുപിഎയുടെ ചെയര്‍പെഴ്‌സണായിരുന്ന സോണിയാഗാന്ധി എപ്പോള്‍ കണ്ടാലും പന്ന്യന്‍ ജി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ഇവിടെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ ഒരു പരിപാടി ഉദ്ഘാടനത്തിനെത്തിയ സോണിയാഗാന്ധി സ്ഥലം എംപിയായ താന്‍ എത്തുന്നതുവരെ കാത്തിരുന്നു. അത്രമാത്രം മാന്യയായിരുന്നു സോണിയാഗാന്ധി.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കാനുള്ള തമിഴ്‌നാട്ടു കാരനായ റെയില്‍വേ സഹമന്ത്രി വേലുവിന്‍റെ നടപടിക്കെതിരെ കേരള എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചപ്പോള്‍ അന്ന് മദ്ധ്യസ്‌തത വഹിച്ചത് സോണിയാഗാന്ധിയായിരുന്നു. അന്നത്തെ ലോക്‌സഭാ സ്‌പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് സികെ ചന്ദ്രപ്പനായിരുന്നു. ചാറ്റര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ മലയാളത്തില്‍ സത്യ പ്രതിജ്ഞ എടുത്തത്.
പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷ് അനിവാര്യമല്ലെന്ന് അനുഭവം. ഇംഗ്ലീഷോ ഹിന്ദിയോ ഒഴുക്കോടെ സംസാരിക്കാനറിയില്ലെന്നത് പാര്‍ലമെന്‍റില്‍ ഒരു പരിമിതിയേയല്ലെന്നാണ് അനുഭവം. നമ്മള്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്നതിനെല്ലാം ഉടനടി പരിഭാഷയുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും മണ്ഡലകാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനും ഇഷ്‌ടമുള്ള ഭാഷ ഉപയോഗിക്കാം.
നമുക്കറിയുന്ന ഭാഷയില്‍ സംസാരിച്ചാല്‍ മതി. എന്നാല്‍ ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടനടി ലഭിക്കാന്‍ ഇംഗ്ലീഷോ ഹിന്ദിയോ ഉപയോഗിക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് നന്നായി അറിയാതെ വെറുതെ ആളാകാന്‍ ശ്രമിച്ചാല്‍ പാര്‍ലമെന്‍റില്‍ ബുദ്ധിമുട്ടാകും എന്നതാണ് അനുഭവം. സാധാരണക്കാരനായ തനിക്ക് എംപിയാകാന്‍ കഴിഞ്ഞത് തിരുവനന്തപുരത്തു കാരുടെ നന്മയാണ്. പുതുതലമുറയ്ക്ക് വഴിയൊരുക്കാനാണ് രണ്ടാമത് വീണ്ടും മത്സരത്തിനിറങ്ങാത്തതെന്നും പന്ന്യന്‍ പറയുന്നു.