തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന, സർവകലാശാല ഭേദഗതി ബില്ലിൽ തടസവാദമുന്നയിച്ച പ്രതിപക്ഷത്തിനെതിരെ നിയമ മന്ത്രി പി രാജീവ്. സർവകലാശാല വിഷയങ്ങൾ കൺകറൻ്റ് ലിസ്റ്റാണെന്നും അതിൽ നിയമമാറ്റത്തിന് നിയമസഭയ്ക്ക് അധികാരമില്ലെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ നിലപാട് അപകടകരമായ രാഷ്ട്രീയ പ്രസ്‌താവനയാണ്. പ്രതിപക്ഷ നിലപാട് അനുസരിച്ചാണെങ്കിൽ നിയമസഭ പാസാക്കുന്ന ഒരു നിയമം ഒരു എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ കേന്ദ്രത്തിന് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ മാറ്റുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണ്. സർവകലാശാല നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ചാണ് നിയമസഭ നിയമം പാസാക്കുന്നത്. പ്രതിപക്ഷം കാട് കാണുന്നില്ല, മരം കാണുന്നില്ല. അധികാരത്തിന്‍റെ കസേര മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ചാൻസലറാക്കിയത് മികച്ച ആളെ': ബിൽ ഗവർണർക്ക് വിടുന്നതിൽ സർക്കാരിന് ഒരു മടിയുമില്ല. ചാൻസലറുടെ കീഴിൽ മന്ത്രി ഇരിക്കുന്നത്, മന്ത്രിയെന്ന അധികാരം ഉപയോഗിച്ചല്ല. പ്രോചാൻസലർ എന്ന ഉത്തരവാദിത്തം നിർവഹിക്കാനാണ്. രാജ്യത്തെ പല സർവകലാശാലകളിലും ഇത് തുടരുന്നുണ്ട്. അതിൽ ഒരു തെറ്റുമില്ല. ചാൻസലർ സ്ഥാനത്തേക്ക് നിയോഗിക്കുന്നത് പ്രമുഖർ തന്നെയായിരിക്കും. കേരള കലാമണ്ഡലത്തിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ആളായ മല്ലിക സാരാഭായിയെയാണ് ചാൻസലറാക്കി നിയമിച്ചിരിക്കുന്നത്.
വിശാലമായ കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാലയെ നയിക്കാൻ കഴിയുന്നവരാകും ചാൻസലർമാർ. രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന വിമർശനവും ശരിയല്ല. പല സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരെയാണ് ചാൻസലറാക്കിയതെന്നും മന്ത്രി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ബിൽ കൊണ്ടുവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിൻ്റെ തടസവാദം സ്‌പീക്കർ തള്ളി.