തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ അനാസ്ഥയെന്ന് പ്രതിപക്ഷം. അട്ടപ്പാടി മുരുഗള ഊരില്‍ നാലുമാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായതും മൃതദേഹം ഊരിലെത്തിക്കാനുണ്ടായ ബുദ്ധിമുട്ടും ഉള്‍പ്പടെ ആദിവാസി മേഖലയിലെ ശിശുമരണങ്ങള്‍ ചൂണ്ടിക്കാട്ടിഎന്‍ ഷംസുദ്ദീന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയായിരുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ സര്‍ക്കാരിനെ പൂര്‍ണമായി കുറ്റപ്പെടുത്തിയ ഷംസുദ്ദീന്‍ കോട്ടത്തറ ആശുപത്രി ശോചനീയാവസ്ഥയിലാണെന്ന് ആരോപിച്ചു.
നൂറ് കിടക്കകള്‍ എന്നത് പ്രസ്താവന മാത്രമായി, ആവശ്യത്തിന് ജീവനക്കാരില്ല, വെള്ളമില്ല, ബില്ല് അടയ്ക്കാത്തതിനാല്‍ ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്നും ഷംസുദ്ദീന്‍ ആരോപിച്ചു. മരുഗളയില്‍ കുഞ്ഞ് മരിച്ചത് ആശുപത്രി സഹായം ലഭിക്കാത്തതുകൊണ്ടല്ലെന്ന് വിശദീകരിച്ച മന്ത്രി കെ രാധാകൃഷ്‌ണന്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ മരണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കോട്ടത്തറ ആശുപത്രിയെക്കുറിച്ച് എന്‍ ഷംസുദ്ദീന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്, എം.എല്‍.എ ഒരിക്കലെങ്കിലും സ്ഥലം സന്ദര്‍ശിക്കണമെന്നും പറഞ്ഞു.
ഇതോടെ പ്രതിപക്ഷം ബഹളം വച്ചു. ഭരണപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ താത്കാലികമായി സഭ നിര്‍ത്തിവച്ചു. ഷംസുദ്ദീനെ ആരോഗ്യമന്ത്രി അധിക്ഷേപിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു.
Also Read: കെഎസ്ആർടിസി: ഡീസൽ ഇല്ലാതെ ബസ് ഓടിക്കാൻ കഴിഞ്ഞാൽ ശമ്പളം നൽകാമെന്ന് ഗതാഗത മന്ത്രി
ശിശുമരണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. അല്ലാതെ വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ അധിക്ഷേപിക്കരുത്. യോഗങ്ങളും വാഗ്ദാനങ്ങളുമല്ലാതെ സര്‍ക്കാര്‍ തലത്തില്‍ ഒന്നും ചെയ്യുന്നില്ല. ശിശുമരണങ്ങള്‍ സര്‍ക്കാരിന്‍റെ അനാസ്ഥകൊണ്ടുള്ള കൊലപാതകങ്ങളാണെന്നും സതീശന്‍ ആരോപിച്ചു.
ഇതിനിടെ കോട്ടത്തറ ആശുപത്രിയില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി സഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലും ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.