തിരുവനന്തപുരം: കാടും കാണുന്നുണ്ട്, മരവും കാണുന്നുണ്ട്, കാട് വെട്ടുന്ന കള്ളന്മാരെ കൈയോടെ പിടികൂടിയിട്ടുമുണ്ട്. മുഖ്യമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് എല്ലാം വസ്‌തുതകളും മുന്നിൽ വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ആരോപണത്തിനും രേഖകളും ഫയലുകളും പുറത്ത് വിട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ പാടില്ല. കേന്ദ്ര ഏജൻസികളുടെ കാര്യത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ദേശീയ തലത്തിലുള്ളതാണ്. അവരെ പിന്തുണയ്ക്കുന്നു. കേന്ദ്ര ഏജൻസിക് കത്തെഴുതിയ മുഖ്യമന്ത്രി തന്നെ പ്രതിയാകാൻ പോകുന്നു. അതിനാലാണ് ഹാലിളക്കം തന്നോട് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാളയാറിലെ കാറ്റ് പ്രതിഷേധത്തിന്‍റെയും നീതി നിഷേധത്തിന്‍റെയും കാറ്റാണ്. അധിക്ഷേപിക്കാനാണെങ്കിലും മുഖ്യമന്ത്രി വാളയാറിനെ ഓർത്തത് നല്ലതാണ്. മക്കളെ നഷ്ടപ്പെട്ട് സമരം ചെയ്യുന്ന അമ്മയ്ക്ക് നീതി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഎമ്മിന്‍റെ ജീർണത വ്യക്തമാക്കുന്നതാണ് ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. പാർട്ടി സെക്രട്ടറി സ്ഥാനം രാജി വയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി കാണിക്കുമെന്ന് വിശ്വസിക്കുന്നു. വിവാദങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കും അപ്രിയമായ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഇത്തരത്തിലൊരു വാർത്താസമ്മേളനം കണ്ടിട്ടില്ല. ധാർമികതയെ പറ്റി പുരപ്പുറത്ത് കയറി നിന്ന് പറയുന്നവർ അത് പ്രാവർത്തികമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നിരവധി പേർ ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ദുർഗന്ധം വമിക്കുന്നതു മുഴുവൻ അവിടെ തന്നെയാണ്. അഞ്ച് ഐ ഫോണും തനിക്ക് തന്നുവെന്നാണ് ദേശാഭിമാനി പറഞ്ഞത്. ഇപ്പോൾ ഐഫോൺ ശിവശങ്കരനാണ് ലഭിച്ചതെന്ന് തെളിഞ്ഞു. ഇതിലും വില കൂടിയ ഫോൺ ആർക്കോ ലഭിച്ചിട്ടുണ്ട്. അത് ആർക്കെന്ന് അറിയാനുണ്ട്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ അത് കണ്ടെത്തുമെന്ന് വിശ്വാസമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.