തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം ശക്തമായി തുടരും. ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നും സമരം തുടരാനുള്ള തീരുമാനത്തിലാണ്. നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് ജില്ല കമ്മറ്റി ഇന്ന് സത്യഗ്രഹം നടത്തും.
മേയര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യും. വിഷയത്തില്‍ ബിജെപിയും ശക്തമായ സമരവുമായി മുന്നോട്ട് പോകുകയാണ്.
ഇന്ന് കോര്‍പറേഷന്‍ ഓഫിസിനുള്ളിലും പുറത്തും പ്രതിഷേധം നടത്താനാണ് ബിജെപിയുടെ തീരുമാനം. കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ പ്രധാന കവാടം ഉപരോധിക്കും. ഇതോടൊപ്പം മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ 11 മണിക്ക് കോര്‍പറേഷനിലേക്ക് മാര്‍ച്ചും നടത്തും.
മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്ന് രാവിലെ 9 മണിയോടെ തന്നെ കോര്‍പറേഷന്‍ ഓഫിസിലെത്തി. കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിനു മുന്നില്‍ ഉപരോധം നടത്തിയിരുന്നു. മേയറെ ഓഫിസില്‍ കയറ്റില്ലെന്നായിരുന്നു പ്രഖ്യാപനം. ഇതേതുടര്‍ന്ന് പിന്‍ഭാഗത്തുള്ള വാതില്‍ വഴിയാണ് മേയര്‍ ഓഫിസിലെത്തിയത്.
അതേസമയം വിഷയത്തില്‍ തുടരന്വേഷണത്തിന് കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാദ കത്തിൽ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കത്ത് വ്യാജമാണെന്ന് മേയര്‍ മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കേസെടുക്കേണ്ടി വരും. അതിനാല്‍ കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.
ആരോപണം നേരിടുന്ന സിപിഎം കൗൺസിലര്‍ ഡി ആര്‍ അനിൽ, സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ എന്നിവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫിസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ശേഷമാകും അടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
അതേസമയം സംഭവത്തിൽ മേയർ നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകാത്തത്.