തിരുവനന്തപുരം: ഇഫ്‌താറിൻ്റെ അർഥമറിയാത്ത കെ.വി തോമസിൻ്റെ പുലമ്പലിന് മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷ നേതാവിൻ്റെ ഇഫ്‌താർ സംഗമത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതും മുഖ്യമന്ത്രിയുടെ ഇഫ്‌താറിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തതും ഉന്നയിച്ച് കെ.വി തോമസ് ഉയർത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു വി.ഡി സതീശൻ.
ഇഫ്‌താർ നടത്തുന്നതിന് കോൺഗ്രസ് പാർട്ടി ഒരു വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. കോൺഗ്രസിൻ്റെ എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു. എല്ലാവരുമായി ആലോചിച്ചാണ് സംഗമം നടത്തിയത്. മുഖ്യമന്ത്രിയുടെ ഇഫ്‌താറിൽ ഒരു പ്രതിപക്ഷ നേതാവും പങ്കെടുക്കാതിരുന്നിട്ടില്ല. മുൻകാല നേതാക്കൾ നടത്തിയ പാരമ്പര്യം തുടരുകയാണ് ചെയ്‌തത്. പാർട്ടി വിലക്ക് ഉണ്ടെങ്കിൽ ഇത്തരമൊരു പരിപാടി നടത്തില്ലായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.
വിഷ്‌ണുനാഥ് എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് അറിയില്ല. കെപിസിസിയുമായി ആലോചിച്ചിട്ടാകും പങ്കെടുത്തത്. കോൺഗ്രസിൽ എല്ലാവർക്കും ഒരേ നീതിയാണ്. കെ.വി തോമസുമായി എല്ലാവരും സംസാരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ പി.ജെ കുര്യൻ്റെ വിമർശനം സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ്. കുര്യൻ തന്നെ പരാമർശത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. മറ്റ് കാര്യങ്ങൾ പ്രസിഡൻ്റ് പറയുമെന്നും സതീശൻ പറഞ്ഞു.
Also Read: ഇഫ്താര്‍ വിരുന്ന്: വി.ഡി സതീശനെ വിമര്‍ശിച്ച് കെ.വി തോമസ്