എറണാകുളം : കെ-റെയിൽ പദ്ധതിക്കെതിരായ നിലപാടിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തങ്ങളുയർത്തിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
വ്യക്തമായ പഠനത്തിനുശേഷം നിയമസഭയിലും പുറത്തും തങ്ങളുന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല, സാമ്പത്തിക സ്രോതസ് വ്യക്തമാക്കിയിട്ടില്ല, സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ രണ്ട് ലക്ഷം കോടിയുടെ എന്ത് പദ്ധതിയാണിതെന്നും വി.ഡി സതീശൻ ചോദിച്ചു.
ALSO READ: ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ
ദേശവിരുദ്ധരുമായി ചേർന്ന് പ്രതിപക്ഷം സമരം ചെയ്യുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ തങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമുണ്ട്. ഇതുപോലൊരു അസംബന്ധം നടപ്പിലാക്കാൻ അനുവദിച്ചാൽ തങ്ങൾ കൂടി ജനകീയ വിചാരണ നേരിടേണ്ടിവരും.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുപാട് ഇടനിലക്കാർ സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിലൂടെ കയറി ഇറങ്ങുകയാണ്. ശശി തരൂർ കെ-റെയിലിനെതിരായ എം.പിമാരുടെ നിവേദനത്തിൽ ഒപ്പിടാത്തതിനെ കുറിച്ച് പാർട്ടി പരിശോധിക്കും. പദ്ധതിയെ കുറിച്ച് അദ്ദേഹം പഠിച്ചില്ലെങ്കിൽ പഠിക്കട്ടെയെന്നും വി.ഡി സതീശൻ പറഞ്ഞു.
സമരവുമായി പാർട്ടി മുന്നോട്ട് പോകും. സുതാര്യമായ വികസന പദ്ധതികൾ കൊണ്ടുവന്നാൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കും. വിവാഹ പ്രായം സംബന്ധിച്ച് പാർട്ടി തീരുമാനം ദേശീയ നേതൃത്വം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.