തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ വീണ്ടും ചർച്ചയാക്കി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ കാലതാമസമുണ്ടായെന്ന പ്രതിപക്ഷ വാദം വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ സമ്മതിച്ചു.
പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയതിനാലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവച്ച തുക വെട്ടിക്കുറച്ചതും, സാമ്പത്തിക വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാർഷിക പദ്ധതി രൂപീകരിക്കാത്തതുമാണ് പ്രതിപക്ഷം ശൂന്യവേളയിൽ ഉന്നയിച്ചത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതിപക്ഷം ശ്രീലങ്കയോടാണ് ഉപമിച്ചത്.
സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. വിഷയത്തില്‍ വിദഗ്‌ധ ഉപദേശം തേടണം. ഇല്ലെങ്കിൽ കേരളം ശ്രീലങ്കയെ പോലെയാകും.
ക്ലിഫ് ഹൗസിലെ കുളത്തിൽ ജനങ്ങൾ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാൽ അത് നാണക്കേടാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ നജീബ് കാന്തപുരം വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തള്ളി. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയില്ലെന്നും മന്ത്രി വിശദീകരിച്ചു.
Also Read: സ്വര്‍ണക്കടത്ത് വിടാതെ പ്രതിപക്ഷം: അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വിഡി സതീശൻ
മന്ത്രി എംവി ഗോവിന്ദന്‍റെ വാദങ്ങൾ തദ്ദേശ സ്ഥാപനങ്ങളെയും ജനങ്ങളെയും കബളിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബജറ്റ് വിഹിതം തടഞ്ഞുവച്ച് നിയമസഭയെ പോലും സർക്കാർ അവഹേളിച്ചതായും സതീശൻ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.