തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി ഇന്ന് വൈകുന്നരം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വൈകുന്നേരം നാലുമണിക്ക് ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെടും. ഇതിനായി ഉച്ചയോടെ അദ്ദേഹത്തെ എയര്‍ പോര്‍ട്ടിലേക്ക് മാറ്റും.
നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ഭേദമായിട്ടുണ്ട്. തുടര്‍ന്നാണ് തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരു എച്ച്‌സിജി ക്യാന്‍സര്‍ സെന്‍ററിലേക്ക് മാറ്റുന്നത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായാല്‍ അദ്ദേഹത്തെ വിദഗ്‌ധ ചികിത്സക്കായി മാറ്റുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എഐസിസിയുടെ മേല്‍നോട്ടത്തിലാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെത്തിക്കുന്നത്. ഞായറാഴ്‌ച ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നും വിമാനം എഐസിസി ഏര്‍പ്പാടാക്കിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ നിര്‍ദേശാനുസരണം കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മകനെന്ന നിലയ്‌ക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഃഖകരമായ പ്രചാരണം നടന്നു. വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കല്‍ രേഖകളും തന്‍റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. ചികിത്സയ്ക്ക് കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ പ്രചാരണമാണ്. പിതാവിന്‍റെ ചികിത്സാ വിവരങ്ങള്‍ സമയമാകുമ്പോൾ പുറത്തുവിടും. ചികിത്സ സംബന്ധിച്ച് ചിലര്‍ വ്യാജ രേഖകള്‍ നിര്‍മിച്ചു.
രോഗവ്യാപനം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നെ എന്തിനാണ് ഈ ക്രൂരത. വ്യാജ പ്രചരണങ്ങളില്‍ മുഖ്യമന്ത്രി ഇടപെടണം. പുതുപ്പള്ളിയില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ന്യുമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.