ചെന്നൈ: ചെന്നൈയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖ് (21) അറസ്റ്റില്‍. ചെന്നൈയിലെ ചോരംപേട്ടിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്‍റെ ചിത്രം വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. കൊല്ലം തെൻമല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.
ക്രോംപെട്ട് ബാലാജി ആശുപത്രിയില്‍ രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി ആയിരുന്നു ഫൗസിയ. ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ആഷിഖ് മറ്റൊരു പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് ഫൗസിയയെ മര്‍ദ്ദിച്ച ആഷിഖ് ടീ ഷര്‍ട്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹത്തിന്‍റെ ഫോട്ടോയെടുത്ത് ആഷിഖ് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടത് ശ്രദ്ധയില്‍ പെട്ട സുഹൃത്തുക്കള്‍ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആഷിഖിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രഹസ്യമായി വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും കുഞ്ഞിനെ കര്‍ണാടക ചിക്കമംഗളുരുവിലെ അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഫൗസിയ ഗര്‍ഭിണി ആയതോടെ പോക്സോ കേസില്‍ അറസ്റ്റിലായ ആഷിഖ് ഈയിടെയാണ് ജയില്‍ മോചിനായത്. തുടര്‍ന്ന് വീണ്ടും ഫൗസിയയുമായി ബന്ധം തുടരുക ആയിരുന്നു. ആഷിഖിന്‍റെ മറ്റ് ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും കലഹം പതിവാണെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂന്ന് ദിവസമായി ഫൗസിയ കോളജില്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അന്വേഷണം തുടരുകയാണ്.