തിരുവനന്തപുരം : നവകേരള സദസിൽ ഡ്രോൺ പറത്തി പ്രതിഷേധിക്കാൻ സാധ്യതയെന്ന വിലയിരുത്തലിനെ തുടർന്ന് എൻ എസ് യു നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു (NavaKerala sadas Thiruvananthapuram). തിരുവനന്തപുരം വലിയതുറ പൊലീസാണ് എൻ എസ് യു നാഷണൽ സെക്രട്ടറി എറിക് സ്റ്റീഫനെ കസ്റ്റഡിയിലെടുത്തത്. എറിക് നവ കേരള സദസിൽ ഡ്രോൺ പറത്തി പ്രതിഷേധിക്കാനുള്ള നീക്കം നടത്തിയെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇന്നലെ അർദ്ധരാത്രിയാണ് എറിക്കിനെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എറിക്കിന് ഡ്രോൺ കൈമാറരുതെന്ന് ഓർഡർ നൽകിയ കമ്പനിക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം നവകേരള സദസ് ഇന്ന് വൈകീട്ട് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് ആറ് മണിക്ക് ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിലാണ് നവകേരള സദസ് നടക്കുന്നത്. ജില്ലയിൽ സുരക്ഷയ്ക്കായി 300 ഓളം പൊലീസുകാരെ നിയോഗിച്ചതായാണ് ലഭിക്കുന്ന വിവരം. നാളെ രാവിലെ 11 മണിക്ക് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക്, ഉച്ച കഴിഞ്ഞ് 3 മണിക്ക് ആറ്റിങ്ങൽ മാമം മൈതാനം, വൈകീട്ട് 4.30 ന് വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമ്മൂട് മാണിക്കോട് മൈതാനം, വൈകീട്ട് 6 ന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍.
Also read: വെള്ള പെയിന്‍റില്‍ മുങ്ങിയെത്തി, പ്രതിഷേധം വേറെ ലെവല്‍: ഈ പഞ്ചായത്ത് മെമ്പർ പണ്ടേ വൈറലാണ്
ഡിസംബർ 23 ന് വട്ടിയൂർക്കാവ് സെൻട്രൽ പൊളിടെക്‌നിക് കോളജിൽ നടക്കുന്ന തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ നവകേരള സദസോടെ സമാപനമാകും.