തിരുവനന്തപുരം: കൊവിഡ് -19 വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ അനാവശ്യ ഭീതി വേണ്ടെന്ന് തിരുവനന്തപുരം ജില്ലാ കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ. തിരുവനന്തപുരത്ത് വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. വർക്കലയിൽ കൊവിഡ് -19 ബാധിച്ച ഇറ്റാലിയൻ പൗരന്‍റെ ഫലം നെഗറ്റീവായെന്നും കലക്‌ടർ അറിയിച്ചു.
അവശ്യ വസ്‌തുക്കൾക്ക് ക്ഷാമം ഉണ്ടാകില്ല. അതുകൊണ്ട് ആളുകൾ കൂട്ടം കൂടി സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടരുത്. ഇത്തരം തിരക്ക് സമൂഹ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിരീക്ഷണത്തിലുള്ളവർ നിർദേശം പാലിക്കണം. ഇവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.ദയവായി ജാഗ്രത പാലിക്കണം. സോഷ്യൽ മീഡിയാ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകും. പൂഴ്ത്തിവയ്പ്പ് കണ്ടാൽ ശക്തമായ നടപടി എടുക്കുമെന്നും കലക്‌ടർ അറിയിച്ചു.