തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നല്‍കാൻ നിയമസഭ സമിതിയുടെ ശുപാർശ. ജോലി ആവശ്യമില്ലാത്തവർക്ക് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാകാനുള്ള നടപടിക്രമം ലഘൂകരിക്കാനും പി.എസ്.സിയോട് നിയമസഭാ സമിതി ശുപാർശ ചെയ്തു.
യുവജന കാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പിൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വിവിധ റാങ്ക് പട്ടികയിൽ ഉള്ള 36 പേർ വീഡിയോ കോൺഫറൻസിലൂടെ സമിതിയെ പരാതികൾ അറിയിച്ചു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി വിശദീകരണം ആവശ്യപ്പെടാനാണ് തീരുമാനം. മറുപടി തൃപ്തികരമല്ലെങ്കിൽ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മുഴുവൻ റാങ്ക് പട്ടികകളുടെയും കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസും സമിതിയോട് അഭ്യർത്ഥിച്ചു. ഈ മാസം 15, 22 തീയതികളിൽ വീണ്ടും തെളിവെടുപ്പ് തുടരും.