തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി പുതിയ മുഖം. ഏഴ് സുരക്ഷ സവിശേഷതകൾ ഉള്‍പ്പടെയുള്ള പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നാളെ (20.04.2023) മുതൽ നിലവിൽ വരും. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്‌സിന്‍റെ മാനദണ്ഡപ്രകാരം രൂപകൽപന ചെയ്‌ത പുതിയ ഡ്രൈവിങ് ലൈസൻസുകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആര്‍ കോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട ഏഴ് സുരക്ഷ സവിശേഷതകളടങ്ങിയതാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകൾ.
ഇവയുടെ പ്രത്യേകതകൾ നോക്കാം:
- സീരിയൽ നമ്പർ: ഓരോ ആളുകളുടെയും ലൈസൻസുകൾ വ്യത്യസ്‌തമായി തിരിച്ചറിയുന്നതിനാണ് കറൻസി നോട്ടുകളുടേതിന് സമാനമായി സീരിയൽ നമ്പറുകൾ നൽകുന്നത്. ഓരോരുത്തരുടെയും ഡ്രൈവിങ് ലൈസൻസുകളിൽ വ്യത്യസ്‌ത സീരിയൽ നമ്പറാണ് നൽകുന്നത്.
- യുവി എംബ്ലം: ലൈസൻസിന്‍റെ മുൻവശത്തും പുറകുവശത്തും അൾട്രാ വൈലറ്റ് ലൈറ്റ് കൊണ്ടു മാത്രം കാണാൻ കഴിയുന്ന ഒരു വ്യത്യസ്‌ത പാറ്റേൺ നൽകിയിട്ടുണ്ട്. എല്ലാ ലൈസൻസുകളിലും ഒരേ തരത്തിലുള്ള പാറ്റേണാണ് നൽകുന്നത്. മുൻവശത്ത് കേരള ചിത്രവും പിറകിൽ മോട്ടർ വാഹനവകുപ്പിന്‍റെ ചിഹ്നവുമായിരിക്കും ഉണ്ടാകുക.
- ഗില്ലോച്ചെ പാറ്റേൺ: കറൻസി നോട്ടുകളുടേതിന് സമാനമായി ലൈസൻസിലും പ്രത്യേക ലൈൻ കൊണ്ട് നിർമിച്ച രൂപങ്ങൾ ഉണ്ടാകും. ഇതാണ് ഗില്ലോച്ചെ പാറ്റേൺ.
- മൈക്രോ ടെക്സ്റ്റ്: ചെറിയ അക്ഷരങ്ങൾ കൊണ്ടാണ് ലൈസൻസിന്‍റെ ചില ബോർഡർ ലൈനുകൾ നിർമിച്ചിരിക്കുന്നത്. ഇതാണ് മൈക്രോ ടെക്സ്റ്റ്.
- ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം: പുതിയ ലൈസൻസ് കാർഡുകളിൽ എംബഡ് ആയി ഹോളാഗ്രാമുണ്ട്. അതിൽ മൂന്നുതരം സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
- ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്: ഒപ്‌ടിക്കൽ വേരിയബിൾ ഇങ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഇന്ത്യയുടെ ചിത്രം ലൈസന്‍സിലുണ്ട്. ഇത് രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള സുരക്ഷയാണ്.
- ക്യുആർ കോഡ്: ലൈസൻസ് കാർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ലൈസൻസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. ഇതാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകളുടെ പ്രത്യേകതകൾ. സമീപകാലത്ത് തന്നെ വാഹന രജിസ്‌ട്രേഷൻ കാർഡുകളും ഇത്തരത്തിൽ മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്രാഫിക് പരിഷ്‌കരണവും: അതേസമയം സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്) ക്യാമറകളുടെ പ്രവർത്തനം വ്യാഴാഴ്‌ച മുതൽ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 726 എ ഐ ക്യാമറകളാണ് ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാർക്കിങ്ങുകൾ കണ്ടെത്താന്‍ 25 ക്യാമറകളും അമിത വേഗം തിരിച്ചറിയുന്നതിന് നാല് ക്യാമറകളും, ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്തുന്നതിനായി 18 ക്യാമറകളും ഉള്‍പ്പടെയാണ് ഇത്രയും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടനടി നിയമ നടപടി സ്വീകരിക്കുകയുമുണ്ടാവും.