തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുപണിമുടക്കിനിടെ സമരാനുകൂലികൾ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ജീവനക്കാർ. ബസ് തടഞ്ഞുനിര്‍ത്തി മർദിച്ചെന്നും ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ ആരോപിച്ചു. കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിക്കുമാണ് മര്‍ദനമേറ്റത്. ഇരുവരും ചികിത്സയിലാണ്.
അക്രമം ആസൂത്രിതമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും, ബസ് വരുന്ന വിവരവും സമരാനുകൂലികൾക്ക് മുൻകൂട്ടി ലഭിച്ചിരുന്നു. പൊലീസ് നോക്കിനിൽക്കെയാണ് മർദനമേറ്റത്.
ക്യാൻസർ രോഗി ഉൾപ്പെടെയുള്ളവരുമായാണ് ബസ് പോയത്. ആര്‍.സി.സിയില്‍നിന്ന് ചികിത്സയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോകേണ്ട കുട്ടിയുൾപ്പെടെയുള്ള രോഗികള്‍ ബസില്‍ ഉണ്ടായിരുന്നു. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. സമരക്കാർ വന്ന് ഡോർ തുറന്ന് തന്നെ ഉപദ്രവിച്ചെന്നും ജീവനക്കാരന്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. അതേസമയം ജീവനക്കാരെ മര്‍ദിച്ചിട്ടില്ലെന്നും സര്‍വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറഞ്ഞു.