തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നവർക്ക് ക്ഷേമനിധി രൂപീകരിക്കാനൊരുങ്ങി മന്ത്രിസഭാ യോഗം. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രസഭാ യോഗത്തിൽ തീരുമാനമായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ഇതു സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
60 വയസ് പൂര്‍ത്തിയാക്കിയവരും 60 വയസുവരെ തുടര്‍ച്ചയായി അംശാദായം അടച്ചവരുമായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയില്‍ അംഗമായി ചേരുന്ന ഓരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശാദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴില്‍ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്‍റായോ അംശാദായമായോ സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് നല്‍കും. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 55 വയസ് പൂർത്തിയാകാത്തവർക്കും അംഗത്വമെടുക്കാം.