തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച കേസിൽ ലോകായുക്ത വിധി നിയമപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിൽ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ല. ഫുൾ ബഞ്ച് വിശദമായ പരിശോധനകൾ നടത്തുന്നതിൽ ഒരു എതിർപ്പുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ പാർട്ടിക്കോ സർക്കാറിനോ ഒന്നും ഒളിച്ച് വയ്ക്കാനില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജഡ്‌ജിയെ ഭീഷണിപ്പെടുത്തി പറയിപ്പിച്ച വിധി എന്ന പ്രതിപക്ഷ വിമർശനം അടിസ്ഥാനമില്ലാത്തതാണ്. ആർക്കെങ്കിലും ഭീഷണിപ്പെടുത്താൻ കഴിയുന്നയാളെ ജഡ്‌ജി എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുകൂലമായ വിധി ഉണ്ടാകാത്തപ്പോൾ വിമർശിക്കുന്നത് യുഡിഎഫിന്‍റെ പതിവ് ശൈലിയാണ്. രാഷ്ട്രീയമാക്കിയ കാര്യങ്ങൾ ഉന്നയിക്കാതെ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദം ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമമെന്നും ഗോവിന്ദൻ ആരോപിച്ചു.
'ജനകീയ പ്രതിരോധ ജാഥ വന്‍ മുന്നേറ്റമുണ്ടാക്കി' : ജനകീയ പ്രതിരോധ ജാഥ കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു. എന്നാൽ അതിനെ ഗോവിന്ദന്‍റെ ജാഥയെന്ന് മാധ്യമങ്ങൾ പറയുന്നത് ശരിയായ നടപടിയല്ല. ജാഥയുടെ 13O സ്വീകരണ കേന്ദ്രങ്ങളിലുംവലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തൽ സംഘടനാരേഖകൾ കീഴ് ഘടകങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഫലപ്രദമായ രീതിയിൽ തെറ്റ് തിരുത്തൽ രേഖയുമായി മുന്നോട്ടുപോകും. തെറ്റായ മുഴുവൻ പ്രവണതകളും പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ദുരിതാശ്വാസ ഫണ്ട് ക്രമക്കേടിൽ ആരോപണ വിധേയനായ കെടിഡിസി ചെയർമാൻ പി.കെ ശശിക്ക് എതിരെയുള്ള നടപടി സംസ്ഥാന സമിതി ചർച്ച ചെയ്‌തില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം നേതാക്കൾ ഉൾപ്പടെയുള്ള സ്ത്രീകളെ അപമാനിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രസ്‌താവന ജീർണമായ ഫ്യൂഡൽ ബോധ്യത്തിൽ നിന്നുള്ളതാണ്. രാഷ്ട്രീയത്തിൽ ഇതൊന്നും പാടില്ല. ഇതിനെതിരെ വനിത നേതാക്കൾ തന്നെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
also read: ലോകായുക്ത വിധി; 'ഗുരുതര പ്രശ്‌നം, മുഖ്യമന്ത്രി രാജിവയ്‌ക്കണം': വി മുരളീധരന്‍
സംസ്ഥാന സര്‍ക്കാരും ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ ആരോപണവും : മുഖ്യമന്ത്രിയ്‌ക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മറ്റ് 18 മന്ത്രിമാര്‍ക്കും എതിരെയുള്ള ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് മൂന്നംഗ ബഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
also read:'ഇനി ചോദിക്കരുത്'; പ്രധാനമന്ത്രിയുടെ ബുരുദ വിവരങ്ങള്‍ തേടിയ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ
ഹര്‍ജി ഫുള്‍ ബഞ്ചിന് വിട്ട സാഹചര്യത്തില്‍ ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ബഞ്ചാകും ഇനി ഹര്‍ജി പരിഗണിക്കുക. ഹര്‍ജി ഫുള്‍ ബഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാരിന് ഏറെ ആശ്വാസകരമായെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രത്യേക അഭിപ്രായങ്ങളൊന്നും പറയേണ്ടതിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും നിലപാട്.