തിരുവനന്തപുരം: വികസന വിരുദ്ധർക്ക് കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ കാര്യത്തിൽ കേരള ജനത ഒറ്റക്കെട്ടാണ്. ഭാവി കേരളത്തിനും തലമുറയ്‌ക്കുമായി വികസിത കേരളം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും കരുത്തും എൽഡിഎഫ് സർക്കാരിനുണ്ടെന്നും എം വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും കൂടംകുളം - ഇടമൺ - കൊച്ചി പവർ ഹൈവേയും അടക്കമുള്ള പദ്ധതികൾ നടപ്പാക്കുകയും ദേശീയപാത വികസനം നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സർക്കാരിന് വിഴിഞ്ഞം പദ്ധതിയും നടപ്പാക്കാൻ കഴിയും. തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്‌നത്തിന് ചിറക് നൽകുന്ന പദ്ധതികളിൽ ഒന്നാണിത്. 80 ശതമാനം പണിയും പൂർത്തിയായ ഘട്ടത്തിൽ അതിനെതിരെ സമരവുമായി രംഗത്തുവരുന്നവരുടെ താത്പര്യം എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളീയർക്കുണ്ട്.
എങ്കിലും ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന് ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും അതിനു നേതൃത്വം നൽകുന്നവരും ശ്രമിക്കുന്നതെങ്കിൽ അതിനു വഴങ്ങാൻ കഴിയില്ല. ആക്രമണം കെട്ടഴിച്ചുവിട്ട് ജനങ്ങൾക്കിടയിലെ സൗഹൃദം ഇല്ലാതാക്കാനുള്ള ശ്രമത്തെ തടഞ്ഞേ മതിയാകൂ.
വിവിധ മതങ്ങളിൽപ്പെട്ട വർഗീയവാദികൾ ഇതൊരു അവസരമാക്കി കേരളത്തിൽ കാലുറപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയും. മതനിരപേക്ഷ വികസിത കേരളത്തെ സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്. വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള പരിശ്രമങ്ങളെ മുളയിലേ നുള്ളികളയേണ്ടതുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.