തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് വള്ളം മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. മുതലപ്പൊഴിയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്ന് മന്ത്രിതല യോഗം ചേരാനിരിക്കെയാണ് വീണ്ടും അപകടം ഉണ്ടായത്.
ഇന്നലെയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ 7.20 ഓടെ ഉണ്ടായ അപകടത്തില്‍ ആറ് പേരാണ് കടലില്‍ വീണത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
അപകടത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും കോസ്റ്റല്‍ എന്‍ഫോഴ്‌സ്‌മെന്‍റും സ്ഥലത്ത് പരിശോധന നടത്തി. അതേസമയം ഇന്ന് രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസില്‍ മന്ത്രി തല ചര്‍ച്ച ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ചിറയിന്‍കീഴ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ട് ഘട്ടമായാണ് ചര്‍ച്ച നടക്കുക. ആദ്യം അദാനി പോര്‍ട്ട് ഗ്രൂപ്പിലെ ടെക്‌നിക്കല്‍ വിഭാഗവുമായിട്ടാണ് ചര്‍ച്ച. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജില്ല ഭാരവാഹികള്‍, മുതലപ്പൊഴി ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റി അംഗങ്ങള്‍, സാമുദായിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ശാശ്വത പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ടാണ് മുതലപ്പൊഴി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയിലേക്ക് കടക്കുന്നത്. കഴിഞ്ഞയാഴ്‌ചയില്‍ മിക്ക ദിവസങ്ങളിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു. ട്രോളിങ് നിരോധനവും ഇന്ന് അവസാനിച്ചിരിക്കുകയാണ്.
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ : പൊഴിയുടെ ആഴം ചുരുങ്ങിയത് 7 മീറ്ററായി സ്ഥിരമായി നിലനിര്‍ത്തണം, തിരയുടെ ശക്തി കുറയ്ക്കാന്‍ ഇത് സഹായിക്കും. അഴിമുഖത്തിന്‍റെ വീതി വര്‍ധിപ്പിക്കണം. ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ചെന്നൈ ഐ ഐ ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. ബാര്‍ജിനായി 120 മീറ്റര്‍ നീളത്തില്‍ ഇടിച്ചുനിരത്തിയ പുലിമുട്ട് അടിയന്തരമായി പുനസ്ഥാപിക്കണം. പൊഴിമുഖത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം. എയര്‍ ആംബുലന്‍സിന്‍റെയും മറൈന്‍ ആംബുലന്‍സിന്‍റെയും സേവനം 24 മണിക്കൂറാക്കണം - എന്നിവയാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
അപകടം തുടര്‍ക്കഥ : മുതലപ്പൊഴിയില്‍ ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാലുപേര്‍ മരിച്ചത്. രണ്ടുമാസത്തിനിടെ നടക്കുന്ന പത്താമത്തെ അപകടമായിരുന്നു ഇത്. വിഷയം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു.
ജൂണില്‍ മാത്രം ആറ് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ സംഭവിച്ചത്. കഠിനംകുളം കായലും അറബിക്കടലും ചേരുന്ന മുതലപ്പൊഴിയില്‍ 2015ലാണ് പുലിമുട്ട് സ്ഥാപിച്ചത്. ഇതിന് ശേഷം ഇവിടെ 60 പേര്‍ അപകടത്തില്‍ മരിച്ചതായാണ് കണക്കുകള്‍. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ചെറിയ അപകടങ്ങള്‍ വേറെയും.
പുലിമുട്ട് ഉണ്ടായിട്ടും അപകടം നടക്കുന്ന മുതലപ്പൊഴിയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിക്കൊണ്ട് വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകുന്നതിനായി പുലിമുട്ട് പൊളിക്കുകയുണ്ടായി. പിന്നാലെ അപകടങ്ങള്‍ പതിവാകുകയായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അപകടങ്ങള്‍ പതിവായതോടെ ഇതുവഴി കടലില്‍ പോകാന്‍ ഭയമാണെന്നും തൊഴിലാളികള്‍ പറയുന്നു.