തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മ്യൂസിയം ജങ്‌ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഒരുമാസത്തിലേറെ (Museum Junction Traffic Signal Complaint). ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും റോഡ് മുറിച്ച് കടക്കാന്‍ വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുകയാണ്. ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കെഎസ്ഇബി (KSEB) കേബിൾ കണക്‌ടിവിറ്റിയില്‍ ഉണ്ടായ തകരാറാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്ന് സ്‌മാർട്ട് സിറ്റി (Smart City) അധികൃതർ പറയുന്നു.
സിഗ്നൽ തകരാർ മൂലം ബേക്കറി ജങ്‌ഷനിൽ നിന്നും നന്ദാവനം റോഡ് വഴി മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും എംജി റോഡ്, എൽ എം എസ് വഴി മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും കവടിയാർ, വെള്ളയമ്പലം, ശാസ്‌തമംഗലം ഭാഗത്ത് നിന്ന് മ്യൂസിയം ജങ്‌ഷനിൽ എത്തുന്ന വാഹനങ്ങളും നന്നേ പാടുപെട്ടാണ് റോഡ് മുറിച്ചു കടക്കുന്നത്. എകദേശം ഒരു മാസത്തോളം ആയി ഈ ദുരിതം തുടങ്ങിയിട്ട്. ട്രാഫിക് ലൈറ്റുകൾ കണ്ണടച്ചതോടെ ഒരു ശ്രദ്ധയും ഇല്ലാതെയാണ് വാഹനങ്ങൾ സിഗ്നൽ മറികടക്കുന്നത്. കഷ്‌ടിച്ചും ഭാഗ്യം കൊണ്ടുമാണ് അപകടങ്ങളിൽ നിന്നും വാഹന യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത്. ഗതാഗത നിയന്ത്രണത്തിന് ഒരു ട്രാഫിക് പൊലീസ് മാത്രമാണ് മ്യൂസിയം ജങ്‌ഷനിലുളളത് (Traffic Signal Museum Junction).
വളരെ തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും വാഹനങ്ങളെ നിയന്ത്രിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. നേരത്തെ കെൽട്രോണിന് ആയിരുന്നു തിരുവനന്തപുരത്തെ ട്രാഫിക് സിഗ്നലുകളുടെ മെയിൻ്റനൻസ് ചുമതല. സ്‌മാർട്ട് സിറ്റി വന്നതോടെ 2020 മുതൽ ട്രാഫിക് സേഫ്റ്റി കമാൻഡ് കൺട്രോൾ സെൻ്റർ ആൻഡ് അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം എന്ന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ 57 ട്രാഫിക് സിഗ്നലുകളുടെ ചുമതല സ്‌മാർട്ട് സിറ്റിക്ക് ലഭിക്കുകയും സ്‌മാർട്ട് സിറ്റി മെയിൻ്റനൻസ് കരാർ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്രാസ് സെക്യൂരിറ്റി പ്രിൻ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകുകയും ചെയ്‌തു.
ഇതിൽ ഉൾപ്പെട്ടതാണ് മ്യൂസിയം ജങ്‌ഷനിലെ സിഗ്നലും. ജില്ലയിലെ ബാക്കിയുള്ള സിഗ്നലുകളുടെ ചുമതല ഇപ്പോഴും കെൽട്രോണിന് തന്നെ ആണ്. മ്യൂസിയം ജങ്‌ഷനിലെ സിഗ്നൽ തകരാർ ഒരാഴ്‌ചക്ക് ള്ളിൽ പരിഹരിക്കും എന്നാണ് സ്‌മാർട്ട് സിറ്റി ഐ ടി വിഭാഗം അധികൃതർ അറിയിക്കുന്നത്.