തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മുകാർ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മൻസൂർ വധക്കേസിലെ പ്രതി രതീഷിൻ്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാവർത്തിച്ച മുല്ലപ്പള്ളി, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ടു. പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നത്. അവർ പൊലീസ് അന്വേഷണത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല.
സിപിഎമ്മുകാർ പ്രതികളായ കൊലക്കേസുകളിൽ അസ്വാഭാവിക മരണങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് കണ്ണൂരിലെ വിവിധ രാഷ്ട്രീയ കൊലക്കേസുകൾ ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി പറഞ്ഞു. കെടി ജയകൃഷ്ണൻ വധക്കേസിലെയും, പയ്യോളി മനോജ് വധക്കേസിലെയും പ്രതികൾ ട്രെയിൻ തട്ടി മരിച്ചു. അരിയിൽ ഷുക്കൂർ, ഫസൽ എന്നിവരുടെ കൊലക്കേസിലെ പ്രതികൾ മൻസൂർ കൊലക്കേസിന് സമാനമായി ആത്മഹത്യചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയെ സമീപിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിധി നടപ്പാക്കാൻ ഗവർണർ ഇടപെടണം. ജലീലിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ അധാർമികതയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ജലീലിന്‍റെ ബന്ധു നിയമനത്തിൽ മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ് അദ്ദേഹം നടപടി സ്വീകരിക്കാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.