തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ സ്ഥിതി കണക്കിലെടുത്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആഗസ്റ്റ് 10 വരെ 137.5 അടിയാണ് റൂള്‍ കര്‍വ് പ്രകാരമുള്ള സംഭരണ ശേഷി. 137.5 അടിക്കുമുകളില്‍ ജലം ഉയര്‍ന്നാല്‍ മാത്രമേ സ്പില്‍വേയിലൂടെ ജലം ഒഴുക്കേണ്ട സാഹചര്യമുദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 134.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട്ടിലും മഴയായതിനാല്‍ അവര്‍ ജലമെടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇടുക്കി ഡാമില്‍ ആകെ സംഭരണ ശേഷിയുടെ 68 ശതമാനം മാത്രമേ വെള്ളമുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ മുല്ലപ്പെരിയാറില്‍ ജലം ഉയര്‍ന്നാലും ഇടുക്കി ഡാമില്‍ അത് സംഭരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി മാസത്തില്‍ ഡാമുകളില്‍ നിന്നുള്ള എക്കലും ചെളിയും നീക്കം ചെയ്തതുകാരണം ഡാമുകളുടെ സംഭരണ ശേഷി വര്‍ധിച്ചിവെന്നും എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ ഇത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.