തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്‌തത് ഒക്‌ടോബറിൽ. ഒക്‌ടോബറിൽ കൊവിഡ് പ്രതിദിന കണക്കുകൾ 10000 മുതൽ 15000 വരെ കടക്കും എന്ന കടുത്ത ആശങ്കയിലായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ പ്രതിദിന കണക്കുകൾ അത്രയും എത്തിയില്ലെങ്കിലും മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു ഒക്ടോബറിലെ പ്രതിദിന കൊവിഡ് ബാധിതര്‍.
236999 പേർക്കാണ് സംസ്ഥാനത്ത് ഒക്‌ടോബറിൽ കൊവിഡ് പോസിറ്റീവായത്. അതായത് ഇതുവരെയുള്ള സംസ്ഥാനത്തെ മുഴുവൻ കേസുകളുടെ പകുതിയിലധികവും ഒക്‌ടോബറിലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 440130 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗികളായിരിക്കുന്നത്.
742 മരണങ്ങളും ഒക്‌ടോബറിൽ റിപ്പോർട്ട് ചെയ്‌തു. 1512 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത്. 1719315 പരിശോധനകൾ ഒക്‌ടോബറിൽ മാത്രം നടന്നതോടെ ഏറ്റവും കൂടുതൽ രോഗ പരിശോധന നടന്നതും ഒക്‌ടോബറിൽ തന്നെയാണ്.
ഒക്‌ടോബറിൽ രണ്ടു തവണയാണ് സംസ്ഥാനത്തെ ദിനംപ്രതിയുണ്ടാവുന്ന രോഗികളുടെ എണ്ണം പതിനായിരം കടന്നത്. ഒക്‌ടോബർ ഏഴിന് പ്രതിദിന രോഗബാധിതരുടെ എണ്ണം 10606 ആയിരുന്നു. അതേസമയം ഒക്‌ടോബർ 10ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കായ 11755 പോസിറ്റിവ് കേസുകളും റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒക്‌ടോബർ ആശങ്ക ഉയർത്തുന്നതായിരുന്നു. പത്തിനു മുകളിൽ തന്നെയായിരുന്നു എല്ലാ ദിവസത്തെയും ടിപിആർ. ഒക്‌ടോബർ 13ന് റിപ്പോർട്ട് ചെയ്‌ത 18.16 ശതമാനമാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടിപിആർ. 144 അടക്കമുള്ള ഉള്ള കർശന നിയന്ത്രണങ്ങളിലൂടെ ഒക്‌ടോബർ അവസാനമായപ്പോളേക്ക് രോഗ വ്യാപനം അൽപം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം.