തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം നല്‍കാൻ റിസർവ് ബാങ്കിനോട് ശുപർശ ചെയ്യുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. ജനുവരി 31 വരെ കൃത്യമായ തിരിച്ചടവ് നടത്തിയവർക്കാണ് മൊറട്ടോറിയത്തിന് അർഹതയുണ്ടാവുക. ജപ്തി നടപടികൾ മൂന്ന് മാസത്തേക്ക് നീട്ടി വയ്ക്കുമെന്നും ബാങ്കേഴ്സ് സമിതി യോഗത്തില്‍ തീരുമാനം.
നിലവിൽ വായ്പ എടുത്തവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി പതിനായിരം രൂപ മുതൽ 25000 രൂപ വരെ വായ്പ നൽകാനും സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. അപേക്ഷ നൽകുന്നവർക്ക് മാത്രമേ മൊറട്ടോറിയം ലഭിക്കു എന്നും എസ്എൽബിസി കൺവീനർ അജിത്ത് കൃഷ്ണൻ പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു.