തിരുവനന്തപുരം: ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ പി.ജി ഡോക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അജിത്രയെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ അജിത്രയോട് ജീവനക്കാരന്‍ മോശമായി സംസാരിച്ചെന്നാണ് ആരോപണം.
അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ കാത്തിരിക്കുമ്പോള്‍ ഐഡി കാര്‍ഡുള്ള ഒരാള്‍ വന്ന് തന്നോട് കാല്‍ താഴ്ത്തി ഇട്ട് ഇരിക്കാന്‍ പറയുകയായിരുന്നു. ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളില്‍ കാല് കയറ്റി വച്ച് ഇരുന്നാല്‍ എന്നും ചോദിച്ചു. എന്നാല്‍ തുണിയുടുക്കാതെ നടന്നോ എന്ന് ഇയാള്‍ മറുപടി പറഞ്ഞതായാണ് അജിത്രയുടെ ആരോപണം.
Also Read: Kerala Covid Updates: സംസ്ഥാനത്ത് 3404 പേര്‍ക്ക് കൂടി COVID 19; 36 മരണം
തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു. സംഭവത്തില്‍ പ്രതിഷധിച്ച് സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്തു കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചര്‍ച്ചകള്‍ക്കായെത്തിയ പിജി ഡോക്ടര്‍മാര്‍ക്ക് കാണാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയില്ല.
ഉച്ചയ്ക്ക് 12 മണിമുതല്‍ 2 മണിവരെ കാത്തിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടി കാണാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി 12 മണിക്ക് സമയം തന്നിരുന്നു എന്നാണ് പി.ജി ഡോക്ടര്‍മാര്‍ പറയുന്നത്.