എറണാകുളം: വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് എറണാകുളം ജില്ല പോക്‌സോ കോടതിയുടെ വിധി. മോന്‍സനെതിരെ ചുമത്തിയ 13 കുറ്റങ്ങളിൽ 10 എണ്ണത്തിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354, 376 [3] വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി ജഡ്‌ജി കെ സോമനാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ എല്ലാ കുറ്റങ്ങള്‍ക്കും തെളിവ് ലഭിച്ചതായി കോടതി.
2011 ലാണ് കേസിനാസ്‌പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌താണ് പെണ്‍കുട്ടിയെ പീഡത്തിന് ഇരയാക്കിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. 2022 മാർച്ചിൽ തുടങ്ങിയ വിചാരണയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച അന്തിമ വാദം പൂർത്തിയാക്കിയാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.
മാവുങ്കലിനെതിരെ വേറെയും പീഡന കേസ്: മറ്റ് രണ്ട് പീഡന കേസുകള്‍ കൂടി മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. ഈ കേസുകളിൽ ജാമ്യത്തിനായി മോൻസൺ സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ഒരു വർഷമായി ജാമ്യം ലഭിച്ചിട്ടില്ല.
പുരാവസ്‌തു തട്ടിപ്പും കേസുകളും: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2019 ലാണ് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായത്. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്നാണ് മോൻസനെതിരെയുള്ള കേസ്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉൾപ്പടെയുള്ള പല പ്രമുഖരെയും ഇയാളുടെ പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഈ ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്‌തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് കേസിലേക്ക് കെ.സുധാകരനെ വലിച്ചിഴച്ചു: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലിനായി വിദേശത്ത് നിന്നെത്തിയ കോടികൾ വിട്ടു കിട്ടാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് കെ.സുധാകരനെ കേസില്‍ പ്രതി ചേർത്തത്. ഇതേ തുടർന്ന് മോന്‍സനെ ജയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 23ന് ഹാജരാകാമെന്നാണ് കെ.സുധാകരന് രണ്ടാമതും നൽകിയ നോട്ടിസിൻ ക്രൈംബ്രാഞ്ച് അറിയിച്ചത്. കെ സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. 2018 നവംബര്‍ 22 നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍ വച്ച് കൈമാറിയത്. പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നത്. എന്നാൽ കെ.സുധാകരൻ ഇത് നിഷേധിച്ചിട്ടുണ്ട്.
മോന്‍സനില്‍ നിന്നും സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷിയാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇവയുടെ ഡിജിറ്റല്‍ തെളിവുകളാണ് യഥാര്‍ഥ ഡിവൈസില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചത്. സുധാകരനെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മോന്‍സന്‍റെ വാഗ്ദാനം. എന്നാല്‍ അനൂപില്‍ നിന്നും പണം കൈപ്പറ്റിയ മോന്‍സന്‍ 10 ലക്ഷം രൂപ മാത്രമാണ് സുധാകരന് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് എസിജെഎം കോടതിയിൽ റിപോർട്ട് നൽകിയിരുന്നു. അതേ സമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുധാകരന് സി.ആർ.പി.സി 41(എ) പ്രകാരമാണ് കെ.സുധാകരന് നോട്ടിസ് നൽകിയത്.
മോന്‍സൺ മാവുങ്കലുമായി കെ.സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് മോൻസനെതിരായ പരാതിക്കാരായിരുന്നു ആരോപണമുന്നയിച്ചത്. പരാതിക്കാർ മോന്‍സന് പണം നൽകുമ്പോൾ കെ.സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിക്കാർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഫെമ പ്രകാരം തടഞ്ഞുവച്ച കോടികൾ വിട്ടുകിട്ടാന്‍ സുധാകരൻ മോൻസനെ സഹായിച്ചുവെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റിനെതിരെയും കേസെടുത്തത് രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസ് നീക്കം.