തിരുവനന്തപുരം:അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ കഴിയാത്ത തരത്തിലുള്ള എതിർപ്പാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി തുടങ്ങാൻ സജ്ജമാണ്. അതേസമയം പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി മുതൽ സംസ്ഥാനത്ത് ഒരു ജലവൈദ്യുത പദ്ധതിയും താപ വൈദ്യുത നിലയവും സാധ്യമല്ലെന്നും സോളാർ വൈദ്യുതി ഉല്പാദനമാണ് സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് അനർട്ടിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ വ്യവസായികളുടെയും സാങ്കേതിക വിദഗദ്ധരുടെയും ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് സോളാറിൽ നിന്ന് ആയിരം മെഗാവാട്ടിൻ്റെ വൈദ്യുതി ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇതിന് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.