തിരുവനന്തപുരം: കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സന്തോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്നലെ രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പൊലീസ് പറയുന്നത്.
സന്തോഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ തന്നെയാണോ മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിത ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ന് യുവതിയെ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും. കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് (26.10.2022) മ്യൂസിയം പരിസരത്ത് വച്ച് യുവതി ആക്രമിക്കപ്പെടുന്നത്. അന്നേ ദിവസം തന്നെയാണ് കുറവൻകോണത്തെ വീട്ടിലും അതിക്രമം നടന്നത്.