തിരുവനന്തപുരം: വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആർ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. വയനാട്, ബത്തേരി, മാനന്തവാടി മേഖലകളിലാണ് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഏകാരോഗ്യത്തിൻ്റെ ഭാഗമായ പ്രവർത്തനങ്ങളും, നിപ പ്രതിരോധവും വയനാട് ശക്തിപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുജാഗ്രതയുടെ ഭാഗമായാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത സ്വീകരിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുബോധ സൃഷ്‌ടിയുടെ ഭാഗമായ ജാഗ്രത മുന്നറിയിപ്പ് മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കോഴിക്കോട് ജില്ലയ്‌ക്ക് മാത്രമായി എസ്ഒപി തയ്യാറാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെൻ്റർ ഫോർ നിപ റിസർച്ച് നാളെ (ഒക്‌ടോബര്‍ 26) മുതൽ പ്രവർത്തനമാരംഭിക്കും. ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ ആയിരിക്കും ഇതിന്‍റെ പ്രവർത്തനം.
ഭാവിയിൽ റിസർച്ച് സെന്‍റർ ആയി ഉയർത്താനാണ് ആലോചിക്കുന്നത്. നാലാം ഔട്ട് ബ്രേക്കിലെ നിപ ആശങ്ക പൂർണമായി ഒഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. ഇൻകുബേഷൻ പിരീഡിന്‍റെ 42-ാം ദിവസം നാളെ പൂർത്തിയാകും.
ആഗോള തലത്തിൽ തന്നെ 70- 90% വരെ മരണ നിരക്ക് ഉള്ള നിപയെ 33% മരണ നിരക്കിൽ നിർത്താൻ സാധിച്ചു. രോഗം ആദ്യം തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞതിനാലാണ് വ്യാപനം കൃത്യമായി നിയന്ത്രിക്കാനായത്. 2019, 2020, 2023ലെയും വൈറസ് സമാനമാണ്. വൈറസിന് ജനിതക വ്യതിയാനം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
'പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കാണുന്നില്ല': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കാണുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്‌തുവെന്ന സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സതീശൻ നടത്തിയ പ്രസ്‌താവനയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു സംവിധാനത്തെ മുഴുവൻ ആക്ഷേപിച്ചു കൊണ്ടുള്ള പ്രസ്‌താവന പ്രതിപക്ഷ നേതാവ് നടത്തരുതായിരുന്നുവെന്ന് വീണ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിഎജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണ്. സാധ്യത എന്നാണ് റിപ്പോർട്ടിലെ പരാമർശം.
2016-17 മുതൽ 21-22 സാമ്പത്തിക വർഷം വരെയുള്ള റിപ്പോർട്ടാണിത്. സിഎജി വിശദാംശങ്ങൾ ചോദിച്ചിരുന്നു. ആരോഗ്യ വകുപ്പ് മറുപടി നൽകിയ ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് വരൂ. ജനങ്ങളുടെ മനസിൽ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
കിൻഫ്രയിൽ കെഎംഎസ്‌സിഎൽ ഗോഡൗണിൽ കത്തിയ മരുന്ന് യുഡിഎഫ് കാലത്ത് വാങ്ങിക്കൂട്ടിയതാണ്. പ്രതിപക്ഷ നേതാവ് അക്കാര്യം കൂടി പരിശോധിക്കണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു.
കെ സുരേന്ദ്രൻ ആദ്യം യുപിയെ പറ്റി പറയട്ടെ. സുരേന്ദ്രൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതിൽ അത്ഭുതമില്ല. മരുന്ന് സംഭരണ ശാലകളിലെ തീപിടിത്തത്തിൽ ഇടക്കാല റിപ്പോർട്ട് മാത്രമാണ് കിട്ടിയത്. ഇതനുസരിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അന്തിമ റിപ്പോർട്ട് വൈകാതെ ലഭിക്കും. വിവിധ വകുപ്പുകൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. അതേസമയം നിയമനകോഴ ആരോപണത്തിൽ അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.