തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് മാത്രമുള്ള നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ വിഷയത്തിൽ വിദ്യാർഥിനികളുടെ പരാതി ന്യായമാണ്. ഇത്തരമൊരു വിവേചനം ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുമായും രക്ഷകർത്താക്കളുമായും അധ്യാപകരുമായും ചർച്ച ചെയ്‌ത ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുക. രണ്ട് രീതിയിലുള്ള സമ്പ്രദായം പാടില്ല. ഇത് ഒഴിവാക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ആദ്യഘട്ട ചർച്ച എല്ലാവരുമായി പൂർത്തിയാക്കി കഴിഞ്ഞു. രണ്ടാംഘട്ട ചർച്ചകൾക്ക് ശേഷം സർക്കാർ നടപടി ഉണ്ടാകും. ആവശ്യമെങ്കിൽ ഉത്തരവായി തന്നെ സർക്കാർ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികളാണ് ഹോസ്റ്റലിൽ രാത്രി 9.30ന് മുമ്പ് എത്തണമെന്ന നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ചത്. ഹൈക്കോടതിയും ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ നിലപാടെടുത്തിരുന്നു.