തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ആവർത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ വിട്ടുവീഴ്‌ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുo.
അപകടത്തിൽ സ്‍കൂള്‍ അധികൃതർക്ക് ഉണ്ടായത് ഗുരുതര വീഴ്‌ചയാണ്. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.
എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 2ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.