തിരുവനന്തപുരം: മന്ത്രി ജി. സുധാകരന് പിന്നാലെ എം. ശിവശങ്കറിനെ തള്ളിപറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച വ്യക്തിയെന്ന നിലയിലാണ് മുഖ്യമന്ത്രി എം. ശിവശങ്കറില്‍ വിശ്വാസമര്‍പ്പിച്ചത്. അല്ലാതെ അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതം അന്വേഷിച്ച് നടക്കാനാകുമോയെന്നും കടകംപള്ളി ചോദിച്ചു. മുഖ്യമന്ത്രി അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്നതില്‍ ശിവശങ്കറിന് തെറ്റുപറ്റിയെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നപ്പോഴാണ് ഇങ്ങനൊരു ഭാഗം ശിവശങ്കറിനുണ്ടെന്ന് വ്യക്തമാകുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്ഥലം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഘടകകക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ ശിവശങ്കറിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടും നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. കൈക്കൂലി വാങ്ങിച്ച് കൈ തഴമ്പിച്ചവരാണ് ഏത് കാര്യത്തിലും അഴിമതി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.