തിരുവനന്തപുരം : സെപ്‌റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 29 വരെ നടക്കുന്ന വ്യാപക വാക്‌സിനേഷനില്‍ ഇതുവരെ 1000 തെരുവുനായ്ക്കള്‍ക്ക് മാത്രമേ കുത്തിവയ്‌പ്പ് നല്‍കാന്‍ കഴിഞ്ഞുള്ളൂവെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. എന്നാല്‍ രണ്ട് ലക്ഷത്തിലധികം വളര്‍ത്തുനായ്ക്കള്‍ക്ക് ഇക്കാലയളവില്‍ വാക്‌സിന്‍ നൽകാനായി. തെരുവുനായ്ക്കളെ പിടികൂടാന്‍ പരിശീലനം നേടിയ പട്ടിപിടുത്തക്കാര്‍ക്ക് മാത്രമേ കഴിയൂ.
മുന്‍പ് പരിശീലനം നേടിയവരും പുതിയവരുമായ 400ലധികം പട്ടിപിടിത്തക്കാര്‍ക്ക് ഇപ്പോള്‍ കുടപ്പനക്കുന്ന് മൃഗസംരക്ഷണ കേന്ദ്രത്തില്‍ പരിശീലനം നല്‍കി വരികയാണ്. ഇവര്‍ രംഗത്തിറങ്ങുന്നതോടെ തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ സാധിക്കും. വളര്‍ത്തുനായ്ക്കള്‍ക്കുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്‌സിനായ മള്‍ട്ടി കമ്പോണന്‍റ് വാക്‌സിന്‍ സൗജന്യമായി മൃഗാശുപത്രി വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പെറ്റ് ഷോപ്പുകള്‍ കൂണുകള്‍ പോലെ മുളയ്ക്കുന്നത് തടയാന്‍ ഇനി ലൈസന്‍സ് ഫീസായി 5000 രൂപ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.